തൃശൂര്‍: നോട്ടുനിരോധനം സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏല്‍പ്പിച്ചത് സമാനതകളില്ലാത്ത പരിക്ക്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ഭൂമി രജിസ്ട്രേഷന്‍ പകുതിയായി കുറഞ്ഞു. ഇനി സംസ്ഥാനത്തെ രജിസ്ട്രേഷന്റെ വകുപ്പിന്റെ കണക്കുകൂടി കാണണം. നോട്ടുനിരോധനം വരുന്നതിന് മുമ്പ് ഒക്ടോബറില്‍ സംസ്ഥാനത്താകെ നടന്നത് 72,152 രജിസ്ട്രേഷനുകള്‍.
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസിനത്തില്‍ ഖജനാവിലെത്തിയത് 250.23 കോടി രൂപ. നോട്ട് നിരോധനത്തിന് ശേഷം നവംബറില്‍ രജിസ്ട്രേഷന്‍ 43,922 ആയി കുറഞ്ഞു. സര്‍ക്കാരിന് കിട്ടിയത് 150.44 കോടി രൂപ മാത്രം. ഡിസംബറില്‍ ഖജനാവിലെത്തിയത് 188 കോടി രൂപ. പ്രതിസന്ധിയുടെ ആഴമറിയാനാണ് ഞങ്ങള്‍ പോയത് വടക്കാഞ്ചേരിക്കടുത്തെ ദേശമംഗലത്തേക്ക്.
12 വര്‍ഷമായി വസ്തുബ്രോക്കറായി നില്‍ക്കുന്ന സിദ്ദിഖിനും ബ്രോക്കര്‍മാരായ മറ്റ് പങ്കാളികള്‍ക്കും നോട്ട് നിരോധനത്തിന് ശേഷം മുടങ്ങിപ്പോയ കച്ചവടങ്ങളുടെ കഥകളാണിപ്പോല്‍ പറയാനുള്ളത്. ദേശമംഗലം എസ്റ്റേറ്റില്‍ 120 ഏക്കര്‍ തോട്ടം 22 കോടിയ്ക്ക് കച്ചവടമായതായിരുന്നു. മൂന്ന് കോടി അഡ്വാന്‍സും നല്‍കി. അപ്പോഴാണ് നോട്ട് നിരോധനം വന്നത്. എടുക്കാമെന്ന് പറഞ്ഞയാള്‍ പിന്‍വാങ്ങി. മധ്യസ്ഥത്തിനൊടുവില്‍ മൂന്ന് കോടിയ്ക്ക് പകരം സ്ഥലം നല്‍കി തടിയൂരി.
വരവൂരിലെ രാമചന്ദ്രനെന്ന കര്‍ഷകന്‍ മകളുടെ അത്യാവശ്യത്തിനാണ് ഇക്കാണുന്ന ഒരേക്കര്‍ സ്ഥലം 29 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ കരാറായത്. അഡ്വാന്‍സ് വാങ്ങിയത് അഞ്ച് ലക്ഷം. നോട്ടു പ്രതിസന്ധി എത്തിയതോടെ വാങ്ങാനെത്തിയ ആള്‍ ഒഴിഞ്ഞതായി ബ്രോക്കര്‍ അറിയിച്ചു. വല്ലവിധേനയും പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെയാണ് ഇടനിലക്കാരിലൊരാല്‍ 22 ലക്ഷം രൂപയ്ക്ക് സ്ഥലം എടുക്കാമെന്ന ഓഫറുമായി വന്നത്. വഴങ്ങുകയല്ലാതെ രാമചന്ദ്രന് തരമില്ലായിരുന്നു. ഒറ്റയടിയ്ക്ക് ഇടനിലനിന്നവന് ലാഭം ഏഴുലക്ഷം രൂപ.
ഇനി കദീജയുടെ കഥകൂടി കേള്‍ക്കണം. 16 ലക്ഷത്തിന് വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് മാറാനായി പലിശയ്ക്കെടുത്ത് നാലു ലക്ഷം അഡ്വാന്‍സ് നല്‍കി. നോട്ട് നിരോധനമെത്തിയതോടെ കദീജയുടെ സ്ഥലമേറ്റെടുക്കാമെന്നേറ്റയാള്‍ പിന്‍മാറി. പലിശപ്പണമെങ്ങനെ തിരിച്ചടയ്ക്കണമെന്നറിയാതെ കദീജയും കുടുംബവും.
നോട്ട് പ്രതിസന്ധിയുടെ പേരുപറഞ്ഞ് എന്തുകൊണ്ടാണ് കച്ചവടങ്ങള്‍ ഇങ്ങനെ മുടങ്ങുന്നത് എന്നറിയാനായിരുന്നു പിന്നീട് ഞങ്ങളുടെ ശ്രമം. അതിനുള്ള മറുപടി വസ്തുബ്രോക്കറായ രാജേഷില്‍ നിന്നും കിട്ടി.
ഫെയര്‍വാല്യുവിനോടടുത്ത തുകയാണെല്ലോ ആധാരത്തില്‍ കാണിക്കുന്നത്. ശരിയായ വില അതിലേറെ മുകളിലാണല്ലോ. ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ പ്രശ്നമാവില്ലേ എന്നായിരുന്നു രാജേഷ് പറയുന്നത്.ഈ വാക്കുകളുടെ വാസ്തവമറിയാന് ഞങ്ങള്‍ വില്ലേജ് രേഖകളും പരിശോധിച്ചു. രേഖകളില്‍ 25000 മുതല്‍ രണ്ടു ലക്ഷം വരെ മാത്രം ന്യായവില. വിപണിയിലെ വില ഏഴ് ലക്ഷത്തിലധികം. ഈ വില കാണിച്ചാല്‍ തുടര്‍ന്നുള്ള കൈമാറ്റങ്ങള്‍ക്കും അതിലധികം വില കാണിക്കേണ്ടിവരും. അതിനാരും തയാറാകാത്തതിനാല്‍ കച്ചവടങ്ങള്‍ നിലച്ചു. രാമചന്ദ്രനെപ്പോലെയുള്ള അത്യാവശ്യക്കാരനെ ഇടനിലക്കാര്‍ മടര്‍ത്തിയടിക്കുകയും ചെയ്യുന്നു.
