അസം: ആർഎസ്എസ് പ്രവർത്തക നൽകിയ മാനനഷ്ടകേസ്സിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് അസമിലെ കാമരൂപ് മെട്രോപോളിറ്റൻ കോടതി നോട്ടീസയച്ചു. അസമിലെ ബാർപ്പട്ടാ സത്രത്തിൽ കയറുന്നത് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞെന്ന രാഹുൾ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് ആർഎസ്എസ് പ്രവർത്തക അഞ്ജലി വോറ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. സെപ്റ്റംബർ 29ന് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന മഹാരാഷ്ട്രയിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ആർഎസ്എസ് നൽകിയ പരാതിയിലും രാഹുൽ ഗാന്ധി കോടതി നടപടികൾ നേരിടുകയാണ്
കഴിഞ്ഞ ഡിസംബറിൽ നടത്തിയ അസം സന്ദർശത്തിലായിരുന്നു തന്നെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത് കാരണം പ്രശസ്ത വൈഷ്ണവ കേന്ദ്രമായ ബാർപ്പട്ടാ സത്രത്തിൽ കയറാൻ കഴിഞ്ഞില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപിച്ചത്. തുടര്‍ന്ന് ആരോപണം വിവാദമായി.
ആർഎസ്എസ് പ്രവർത്തകർ നയിക്കുന്ന ഭരണസമിതി തനിക്ക് പ്രവേശനം നിഷേധിച്ചെന്ന തരത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ആരോപണത്തിനെതിരെ അപ്പോൾ തന്നെ ബാർപട്ട സത്രം ഭരണ സമിതി രംഗതെത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് ആരും പ്രവേശനം നിഷേധിച്ചിരുന്നില്ലെന്നും,രാഹുൽ ഗാന്ധി സത്രം സന്ദർശിക്കുമെന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ചില സന്നാഹങ്ങളൾ ഒരുക്കിയിരുന്നെന്നും ഭരണസമിതി വിശദീകരിച്ചിരുന്നു.
ഒരു പദയാത്രയിൽ പങ്കെടുക്കേണ്ടത് കൊണ്ട് രാഹുൽ എത്തില്ലെന്ന അറിയിപ്പ് വൈകിയാണ് സത്രത്തിന് ലഭിച്ചതെന്നും ഭരണസമിതി കുറ്റപ്പെടുത്തിയിരുന്നു. ആർഎസ്എസിന്‍റെ പേര് എടുത്ത് പറഞ്ഞ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബാർപ്പട്ട സത്രം ഭരണസമിതിയുമായി ബന്ധപ്പെട്ട അഞ്ജലി വോറ എന്ന ആർഎസ്എസ് പ്രവർത്തകയാണ് പരാതി നൽകിയത്. ഈ പരാതി പരിഗണിച്ച് കൊണ്ടാണ് ആസമിലെ കാമരൂപ കോടതി രാഹുലിന് നോട്ടീസയച്ചത്.
