ഇടുക്കി: ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വനംവകുപ്പിന്റെ നോട്ടീസ്. സ്ഥലം വനംവകുപ്പിന്റെതെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൊന്മുടി ജലാശയത്തില്‍ ബോട്ടിംഗ് ആരംഭിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് തടഞ്ഞത്. ഒരിക്കല്‍ നിലച്ചുപോയ പൊന്മടിയിലെ ബോട്ടിംഗ് പുനരാരംഭിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ എംഎല്‍എ കൂടിയായ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്ക് നിവേദനം നല്‍കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലില്‍ പദ്ധതി പുനരാരംഭിക്കുന്നതിനായി നാല്‍പ്പത് ലക്ഷത്തോളം രൂപ അനുവദിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഡിഎഫ്ഒ നേരിട്ടെത്തി ഇത് വനംവകുപ്പിന്റെ ഭൂമിയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയത്. 1961 - 62 കാലഘട്ടത്തില്‍ ജനവാസ മേഖലയായ ഇവിടെ നിന്നും ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിച്ചാണ് കെഎസ്ഇബി എണ്ണൂറ് ഏക്കറോളം സ്ഥലം ഏറ്റെടുത്ത്. അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അണക്കെട്ട് കമ്മീഷന്‍ ചെയ്തതിന് ശേഷം ജലനിരപ്പില്‍ നിന്നും നൂറ് മീറ്റര്‍ ഒഴിവാക്കി നാനൂറ് ഏക്കറോളം വരുന്ന സ്ഥലം വനവല്‍ക്കരണം നടത്തുവാന്‍ കെഎസ്ഇബി വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വനംവകുപ്പിനാണെന്ന ആവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ് രാജാക്കാടെന്ന കുടിയേറ്റ ഗ്രാമത്തിന്റെ സ്വപ്ന പദ്ധതിയായ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് തടസ്സപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് വിലങ്ങുതടിയായി നില്‍ക്കുന്നുവെന്ന ആരോപണമുയരുകയും ഇതിനെതിരേ വലിയ പ്രതിക്ഷേധങ്ങളും ശക്തമാകുന്ന സമയത്താണ് നിലവില്‍ പൊന്മുടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വനംവകുപ്പ് തടഞ്ഞിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് വലിയ പ്രതിക്ഷേധത്തിനും തയ്യാറെടുക്കുകയാണ്.

