കൊല്ലം: പോലീസുകാരന്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. ശിക്ഷ ജൂലൈ 22ന് വിധിക്കുമെന്നും കോടതി അറിയിച്ചു.

കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ 2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ ഇയാള്‍ പോലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. 

സംഭവത്തിന് ശേഷം മുങ്ങിയ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പോലീസിന്റെ വലയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്. 15ന് വിധിപറയാനിരുന്ന കേസ് ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു.