തിരുവനന്തപുരം: മലയാള സാഹിത്യത്തില്‍ വായനക്കാരന്റെ ഉള്ളുലച്ച ഒന്നായിരുന്നു ബെന്യാമിന്റെ ആട് ജീവിതം. പ്രവാസ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു ആ നോവല്‍. കേരളത്തില്‍ നിന്നും അറബി പൊന്ന് തേടിപോയി ഒടുവില്‍ മരുഭൂമിയില്‍ ആടു ജീവിതം നയിക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ കഥ. കഥാപാത്രവും നോവലിസ്റ്റും ഒരിക്കല്‍ കൂടി കണ്ടുമുട്ടി. നോവലിസ്റ്റ് ബെന്യാമിനും അറബിനാട്ടില്‍ ആടുജീവിതം നയിച്ച് നോവലിന് കഥാപാത്രമായി തീര്‍ന്ന നജീബുമാണ് കണ്ട് മുട്ടിയത്. 

ഇറാഖില്‍ ആടിനെപ്പോലെ ജീവിച്ച കാലം ആലപ്പുഴ കാര്‍ത്തികപ്പളളിക്കാരന്‍ നജീബിന് ഇന്നും പൊളളുന്ന ഓര്‍മ്മയാണ്. പറഞ്ഞുകേട്ട ആ അടിമജീവിതം ബെന്യാമിന്‍ നോവലാക്കിയപ്പോള്‍ നജീബിന്റെ ജീവിതം മാറിമറിഞ്ഞു. ബഹറിനില്‍ വച്ചൊരിക്കല്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജന്മനാട്ടിലെ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച തന്നെ നാളെ മറ്റൊരു രചനയ്ക്ക് കാരണമായേക്കാമെന്ന് എഴുത്തുകാരന്‍.

രണ്ടുപേരും ലോക കേരളസഭയിലെ പ്രതിനിധികള്‍. കടലിനക്കരെയുളള ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങണമെന്നാണ് നജീബിന്റെ ആഗ്രഹം. നജീബിനെപ്പോലുളളവരുടെ പുനരധിവാസ പ്രശ്‌നങ്ങളായിരുന്നു ലോക കേരളസഭയിലെ ഏഷ്യന്‍ രാജ്യങ്ങളെകുറിച്ചുളള ഉപസമിതിയില്‍ നടന്ന ചര്‍ച്ച.