നാന്‍സിയുടെ ഭര്‍ത്താവും പാചകാധ്യാപകനുമായിരുന്ന ഡാനിയേല്‍ സി ബ്രോഫി വെടിയേറ്റാണ് മരിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു സംഭവം

ഒറിഗന്‍: ഭര്‍ത്താവിനെ എങ്ങനെ വധിക്കാം എന്ന ആശയത്തില്‍‌ നോവല്‍ എഴുതിയ വനിത നോവലിസ്റ്റ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പിടിയില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ എഴുത്തുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നോവലിസ്റ്റ് നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി(68)യാണ് ഒറിഗനിലെ പോര്‍ട്ട്‌ലാന്‍ഡ് പോലീസിന്‍റെ പിടിയിലായത്. 

നാന്‍സിയുടെ ഭര്‍ത്താവും പാചകാധ്യാപകനുമായിരുന്ന ഡാനിയേല്‍ സി ബ്രോഫി വെടിയേറ്റാണ് മരിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഇരുവരും 26 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നവരാണ്. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം താവ്രമായ ദുഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ നാന്‍സി കുറിപ്പിട്ടിരുന്നു. മാത്രമല്ല മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തു. 

കൊലപാതകത്തിന് പിന്നില്‍ നാന്‍സിയാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. കൊലപാതകം നടത്തിയത് നാന്‍സിയാണെന്ന് സ്വകാര്യ കുറ്റാന്വേഷകന്‍ വിശ്വസിക്കുന്നു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പുറമെ നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിനും നാന്‍സിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.