ദുബായ്: പ്രവാസികള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിച്ചിട്ടും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഓഫീസോ മറ്റ് സംവിധാനങ്ങളോ ഇതുവരെ നല്‍കാത്തതില്‍ കമ്മീഷന്‍ അംഗം തന്നെ അതൃപ്തി രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ് എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. റിട്ട ജസ്റ്റിസ് പി.ഭവദാസന്‍ ചെയര്‍പേഴ്സണ്‍ ആയി അഞ്ചംഗ കമ്മിറ്റിയേയും പിന്നീട് നിയോഗിച്ചിരുന്നു. പ്രവാസികളുടെ നാട്ടിലെ പ്രശ്നങ്ങള്‍ സെമി ജുഡീഷ്യല്‍ അധികാരത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണിത്. 

അതുകൊണ്ട് തന്നെ പ്രവാസി മലയാളികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് എന്‍.ആര്‍.ഐ കമ്മീഷന്‍. പ്രവാസികളുടെ സ്വത്ത്, കുടുംബം, ആരോഗ്യം, സുരക്ഷ എന്നിവയിലെല്ലാം കമ്മീഷന്‍ ഇടപെടാന്‍ സാധിക്കും. എന്നാല്‍ നാളിത് വരെയായിട്ടും കമ്മീഷന്‍റെ ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല. ഓഫീസോ മറ്റ് സംവിധാനങ്ങളോ സര്‍ക്കാര്‍ ലഭ്യമാക്കാത്തതാണ് കാരണം. കമ്മീഷന്‍ അംഗമായ ഡോ.ഷംസീര്‍ വയലില്‍ തന്നെ ഇതില്‍ അതൃപ്തി രേഖപ്പെടുത്തി.

എന്‍.ആര്‍.ഐ കമ്മീഷന്‍ തുടങ്ങാത്തത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി വന്നിരുന്നു. ഒരു മാസത്തിനകം സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി അന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.