റിയാദ്:  ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതുടര്‍ന്ന് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയതിലൂടെ പ്രതിസന്ധിയിലായത് പ്രവാസി കുടുംബങ്ങളാണ്. കുട്ടികളുടെ പരീക്ഷകള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ നിരവധികുടുംബങ്ങളാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത്. ഇവര്‍ക്കെല്ലാം പരീക്ഷ നീട്ടിവച്ചത് തിരിച്ചടിയായി. അവസാന പരീക്ഷ തീയതി കണക്കാക്കി നാട്ടിലേക്കു മടങ്ങാന്‍ മുന്‍കൂട്ടി വിമാനടിക്കറ്റെടുത്തവരും യാത്ര റദ്ദാക്കി. 

രക്ഷിതാക്കളുടെ ജോലി നഷ്ടപ്പെട്ടതും ആശ്രിത ലെവിയുമൊക്കെ കാരണം സൗദിയില്‍ നിന്ന് കുടുംബസമേതം ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാനിരിക്കുന്ന കുടംബങ്ങള്‍ നിരവധിയാണ്.കുട്ടികളുടെ പരീക്ഷ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു എല്ലാവരുടേയും പദ്ധതി.
അവസാന പരീക്ഷ തീയതി കണക്കാക്കി അടുത്ത  ദിവസങ്ങളില്‍ നാട്ടിലേക്കു മടങ്ങാന്‍ പലരും മുന്‍കൂട്ടി ടിക്കറ്റെടുക്കുകയും ചെയ്തു. പരീക്ഷ റദ്ദാക്കിയതോടെ ഇവരെല്ലാം ഇരുട്ടടി ലഭിച്ച അവസ്ഥയിലാണ്. 

റദ്ദാക്കിയ പരീക്ഷ നടത്താന്‍ ഇനി ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചവരായിരിക്കും ഏറെ പ്രയാസത്തിലാകുക. ഫൈനല്‍ എക്‌സിറ്റ്  റദ്ദാക്കാന്‍ സാധിക്കുമെങ്കിലും അതിനു രക്ഷിതാവിന്റെ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. മാത്രമല്ല ലെവിയും അടയ്‌ക്കേണ്ടി വരും. താമസിക്കുന്ന ഫഌറ്റിന്റെ വാടക കുടിശിക തീര്‍ത്തു നാട്ടിലേക്കു മടങ്ങാനിരുന്നവര്‍ക്കു ഇനിയുള്ള ദിവസത്തെ വാടകയും നല്‍കേണ്ടി വരും. നിശ്ചയിച്ച തീയതിക്ക് യാത്ര ചെയ്യാന്‍ കഴിയാതെ ഫ്‌ലൈറ്റ് ടിക്കറ്റ് റദ്ദാക്കുമ്പോഴും പരീക്ഷ കഴിഞ്ഞ തിരക്കേറിയ സീസണില്‍ അധികതുക നല്‍കി ടിക്കറ്റെടുക്കേണ്ടി വരുമ്പോഴും കനത്ത സാമ്പത്തികനഷ്ടമായിരിക്കും പലരും സഹിക്കേണ്ടി വരിക.