ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ വിവേക് ഡോവൽ മാനനഷ്ടക്കേസ് സമർപ്പിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, കാരവാൻ മാസികയുടെ ചീഫ് എഡിറ്റർ, കാരവാനിലെ റിപ്പോർട്ടർ കൗശൽ ഷ്റോഫ് എന്നിവർക്കെതിരെയാണ് മാനനഷ്ട കേസ്.

ദില്ലി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ വിവേക് ഡോവൽ ദില്ലി പട്യാല ഹൗസ് കോടതിയിൽ മാനനഷ്ടക്കേസ് സമർപ്പിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, കാരവാൻ മാസികയുടെ ചീഫ് എഡിറ്റർ, കാരവാനിലെ റിപ്പോർട്ടർ കൗശൽ ഷ്റോഫ് എന്നിവർക്കെതിരെയാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചിരിക്കുന്നത്.

വിവേക് ഡോവലിന് ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടില്‍ പങ്കുണ്ടെന്നൊരു ആരോപണം ഉയർന്നിരുന്നു. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകം വിവേക് ഡോവല്‍ കെയ്മന്‍ ദ്വീപില്‍ ഹെഡ്ജ് ഫണ്ട് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്ന് കാരവാൻ ഉൾപ്പെടെയുള്ള മാധ്യമ റിപ്പോർട്ടുകളിലാണ് റിപ്പോര്‍ട്ട് വന്നത്.

റിപ്പോർട്ട് പുറത്ത് വന്നതോടെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കമ്പനിക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്‍റെ കണക്കുകൾ ആർ ബി ഐ പരിശോധിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. ദില്ലിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇക്കാര്യം ആവശ്യപ്പെട്ടത്.