ദില്ലി: ഭാര്യയേയും ഇവരുടെ സഹോദരിയേയും വെടിവച്ച ശേഷം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസർ ക്യാമ്പിലായിരുന്നു സംഭവം. ബിഎസ്എഫിലെ എഎസ്ഐ കാൺപുർ സ്വദേശി ജിതേന്ദ്ര സിങ് യാദവാണ് (34) ജീവനൊടുക്കിയത്.
ക്യാമ്പിലെ ഫ്ളാറ്റിലായിരുന്നു ജിതേന്ദ്രയും കുടുംബവും താമസിച്ചിരുന്നത്. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ എത്തുമ്പോൾ ജിതേന്ദ്രയും ഭാര്യ ഗുദാനും ഇവരുടെ സഹോദരി ഖുശ്ബുവും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
കുടുംബ കലഹത്തെ തുടർന്ന് ജിതേന്ദ്ര ഭാര്യയെയും സഹോദരിയെയും സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഇതിനുശേഷം തലയിലേക്ക് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു.
വയറ്റിൽ വെടിയേറ്റ ഗുദാനും(31) ഖുശ്ബു(19)വും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജിതേന്ദ്ര എൻസ്ജിയിൽ അഞ്ച് വർഷമായ ഡപ്യൂട്ടേഷനിൽ ജോലിചെയ്തുവരികയായിരുന്നു.
