ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എന്‍എസ്എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എന്‍എസ്എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്താണ് വച്ചിരുന്നത്. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയതിന് ശേഷം റീത്ത് എടുത്തുമാറ്റി. 

കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ഭാരവാഹികള്‍ പറഞ്ഞു. സാമുദായിക സ്പര്‍ദ്ധ ഉള്ള സ്ഥലമല്ല, എന്നാല്‍ സാമൂഹ്യവിരുദ്ധ ശല്യം നിലനില്‍ക്കുന്നുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണ ഗുരു പ്രതിമ എറിഞ്ഞ് പൊട്ടിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.