ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമവാദം സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് എന്‍ എസ് എസ് നിലപാട് കടുപ്പിക്കുന്നത്. ശബരിമലയില്‍ ധ്യാനരൂപിയായ അയ്യപ്പനാണ് പ്രതിഷ്ഠ. നൈഷ്ഠിക ബ്രഹ്മചാരിയെന്നാല്‍, കാമലോഭമോഹങ്ങള്‍ക്കടിമപ്പെടാതെ സന്ന്യാസ ജീവിതവ്രതം നയിക്കുന്നയാള്‍ എന്നാണ്. ഈ സങ്കല്‍പ്പത്തിലാണ് ശബരിമലയില്‍ ചെറുപ്പാക്കാരായ സ്ത്രീകള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ഇത് നൂറ്റാണ്ടുകളായി നിലനില്‍കുന്ന ആചാരമാണ്, ഭക്തന്റെ വിശ്വാസമാണ്. അല്ലാതെ സ്ത്രീകളുടെ അവകാശം തടയുന്നതിന് വേണ്ടിയുള്ളതല്ല. ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തിയാല്‍ ക്ഷേത്ര ചൈതവന്യത്തിന് കോട്ടം തട്ടും. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ട്.

ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണം മുതല്‍ ഇന്നുവരെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കപ്പെട്ടിട്ടില്ല. പരിപൂര്‍ണ്ണന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും ഹൈക്കോടതിയുടെ അഭിപ്രായവും പരിഗണിച്ചാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. ഇപ്പോള്‍ യാതൊരു ആലോചനയും കൂടാതെ ബോര്‍ഡ് പിരിച്ചിവിടുമെന്ന് മന്ത്രി പറയുന്നത് ദുരുപദിഷ്ടമാണ്. ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയായേ ഈ നീക്കത്തെ കാണാനാകൂ. പ്രമേയാവതരണത്തിന് ശേഷം സംസാരിച്ച എന്‍ എസ് എസ് ജന. സെക്രട്ടറി യു ഡി എഫിന്റെ പതനത്തിന് കാരണം വര്‍ഗീയതയോടുള്ള മൃദുസമീനമാണെന്ന് കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത പോലെ ഈ സര്‍ക്കാരിന്റേയും തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.