എന്‍എസ്എസ് പദാകദിനാചരണത്തിന് ചങ്ങനാശേരിയിൽ പതാക ഉയര്‍ത്തിയ ശേഷമാണ് ജനറൽ സെക്രട്ടറി സുകുമാരൻ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി വീണ്ടും എൻഎസ്എസ്. അടുത്തമാസം 13ലെ സുപ്രീംകോടതി വിധി എതിരായാൽ തുടര്‍ പ്രതിഷേധ പരിപാടികൾ ആലോചിക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ പറഞ്ഞു. രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നൽകാൻ ഹിന്ദുനേതൃ സമ്മേളനം നാളെ കോട്ടയത്ത് ചേരും.
എന്‍എസ്എസ് പദാകദിനാചരണത്തിന് ചങ്ങനാശേരിയിൽ പതാക ഉയര്‍ത്തിയ ശേഷമാണ് ജനറൽ സെക്രട്ടറി സുകുമാരൻ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയത്. പ്രക്ഷോഭരംഗത്തുള്ള മറ്റ് സംഘടനകളുമായി ആലോചിച്ച് എൻഎസ്എസ് തീരുമാനമെടുക്കും. വിധി അനുകൂലമാകുമെന്നും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
വിശ്വാസസംരക്ഷണത്തിന്‍റെ ഭാഗമായി സംസ്ഥാന മുഴുവൻ കരയോഗങ്ങളിലും എൻഎസ്എസ് നാമജപ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചു. അതിനിടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിൽ തുടര്‍ പ്രക്ഷോഭപരിപാടികൾ നാളെ കോട്ടയത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സന്യാസികളും അയ്യപ്പഭക്തസംഘനകളും യോഗത്തിൽ പങ്കെടുക്കും.
