കായംകുളം: എന്‍ടിപിസിയുടെ കായംകുളം താപവൈദ്യുത നിലയത്തിന് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അഞ്ഞൂറ്റി അമ്പതിലേറെ ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്തുന്നു. എന്‍ടിപിസിക്ക് താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുപാധിയുമില്ലാതെ നല്‍കിയ 900 ഏക്കറില്‍ 600 ഏക്കറും മണല്‍മാഫിയ കൂറ്റന്‍ ബണ്ട് തകര്‍ത്ത് കയ്യേറി മണല്‍ കടത്തുകയാണ്. 

ഇരുപത് വര്‍ഷത്തിലേറെ സര്‍ക്കാര്‍ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തിയ കായല്‍ ഫാമാണിപ്പോള്‍ മണല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തിലായത്. ഈ ഭൂമി ഒരു തരത്തിലും സംരക്ഷിക്കാന്‍ കൂട്ടാക്കാത്ത എന്‍ടിപിസിയാകട്ടെ നിരവധി തവണ പോലീസിനും ആര്‍ഡിഒയ്ക്കും പരാതിയും നല്‍കിയിരുന്നു.. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 897 ഏക്കര്‍ ഭൂമിയില്‍ 1999 ലാണ് കായംകുളം താപവൈദ്യുതി നിലയം പ്രവര്‍ത്തനം തുടങ്ങിയത്. കായംകുളം കായല്‍ഫാമിന്‍റെ വടക്ക് തെക്ക് ബ്ലോക്കുകളായി പരന്നുകിടന്ന ഭൂമിയില്‍ പക്ഷേ എന്‍ടിപിസി നിര്‍മ്മാണത്തിന് വേണ്ടി നികത്തിയെടുത്തത് മുന്നൂറേക്കര്‍ ഭൂമി. ബാക്കി വരുന്ന 600 ഏക്കര്‍ ഭൂമി അത് പോലെ തന്നെ അന്ന് കിടന്നു. 

പിന്നീടങ്ങോട്ടാണ് ഈ ഭൂമി മണല്‍മാഫിയ കയ്യേറിത്തുടങ്ങി. നേരത്തെ ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ജലസേചനവകുപ്പ് മന്ത്രിയായിരുന്ന ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യറുടെ നേതൃത്വത്തിലാണ് നെല്‍കൃഷിയ്ക്കായി കായംകുളം കായല്‍ഫാമിന് ചുറ്റും കൂറ്റന്‍ ബണ്ടുകള്‍ നിര്‍മ്മിക്കുന്നത്. നെല്‍കൃഷി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയ കായംകുളം കായലിനോട് ചേര്‍ന്ന ബണ്ട്. 

പിന്നീട് 1967 ലെ ഇഎംഎസ് സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍നായരുടെ നേതൃത്വത്തില്‍ ഈ 900 ഏക്കറില്‍ കൃഷിയിറക്കി നൂറുമേനി കൊയ്തു. ഇരുപത് വര്‍ഷത്തിലേറെ ലക്ഷക്കണക്കിന് ടണ്‍ നെല്ലാണ് ഇവിടെ ഉത്പാദിപ്പിച്ചത്. നെല്ല് കൂടാതെ ബണ്ടിന്‍റെ നാല് ഭാഗത്തും നല്ല വിളവ് കിട്ടുന്ന ആയിരക്കണക്കിന് തെങ്ങുകളും ഉണ്ടായിരുന്നു. എന്‍‍ടിപിസിക്ക് ഭൂമി കൈമാറിയതോടെ പതുക്കെ പതുക്കെ മണല്‍മാഫിയ ബണ്ടിടിച്ച് മണല്‍ കടത്താന്‍ തുടങ്ങി. 

ആരും അവരെ തടഞ്ഞില്ല. കായംകുളം കായലിലൂടെ വന്ന് മണല്‍ കൊണ്ടുപോകുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വന്നു. വര്‍ഷങ്ങളായി തുടരുന്ന മണലെടുപ്പില്‍ കായംകുളം കായലുമായി വേര്‍തിരിക്കുന്ന കൂറ്റന്‍ബണ്ടുകള്‍ ഇല്ലാതായി. പലയിടങ്ങളിലും കായംകുളം കായലേത് എന്‍ടിപിസിയുടെ സ്ഥലമേത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നുപോലുമില്ല.

ബണ്ടിന്‍റെ അവശിഷ്ടങ്ങള്‍ അവിടെയിവിടെയായി കാണാം. നെല്‍കൃഷിക്ക് വേണ്ടി മോട്ടോര്‍പ്രവര്‍ത്തിപ്പിച്ച മുറികളും നെല്ല് ശേഖരിച്ച് വെക്കാന്‍ തയ്യാറാക്കിയ കളങ്ങളുടെയും അവശിഷ്ടങ്ങളുമുണ്ട്. ഇവിടെയെല്ലാം നല്ല രീതിയല്‍ തേങ്ങ കിട്ടിക്കൊണ്ടിരുന്ന തെങ്ങുകളുടെ കുറ്റികള്‍ മാത്രം ബാക്കി.

ബണ്ട് ഇല്ലാതാക്കിയ മണല്‍മാഫിയ പതുക്കെ എന്‍ടിപിസിയുടെ ഈ കായല്‍ഫാമിനകത്തേക്ക് കയറിത്തുടങ്ങി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറുകണക്കിന് വള്ളങ്ങളില്‍ മണല്‍ കായംകുളത്തിന്‍റെ വിവിധ കടവുകളിലേക്ക് കടത്തി. അവിടെ നിന്നും മറ്റ് നാടുകളിലേക്ക് ഇഷ്ടംപോലെ മണല്‍ ഒഴുകി. പക്ഷേ എന്‍ടിപിസി ചെറുവിരലനക്കിയില്ല. പതിനഞ്ച് വര്‍ഷം മുമ്പ് പെട്രോളിംഗിനായി സ്പീഡ് ബോട്ട് വാങ്ങി. 

150 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരുള്ള എന്‍ടിപിസി പക്ഷേ അതിക്രമിച്ച് കയറി മണലൂറ്റിയ ഒരു വള്ളത്തെപ്പോലും പിടിച്ചില്ല. 2012 മുതല്‍ 2014 വരെ നാല് തവണകളായി ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്കും കായംകുളം ഡിവൈഎസ്പിക്കും മണല്‍ക്കൊള്ള തടയണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ. രണ്ട് ദിവസങ്ങളിലായി ഏഷ്യാനെറ്റ് ന്യൂസ് സംഘം കായല്‍ഫാമിലൂടെ സഞ്ചരിച്ചു. 

ഒരു പേടിയും കൂടാതെ ഇഷ്ടം പോലെ വള്ളങ്ങളില്‍ മണല്‍ വാരി നിറയ്ക്കുന്നു. ക്യാമറ കണ്ടിട്ടുപോലും ഒരു കൂസലുമില്ല. ഈ കായലിലിപ്പോള്‍ രണ്ടാള്‍ ഉയരത്തില്‍ വെള്ളമുണ്ട്. ഇനിയും ഈ മണല്‍ക്കൊള്ള തടഞ്ഞില്ലെങ്കില്‍ ഈ പ്രദേശത്തെ വീടുകള്‍ ഇതാ ഇതുപോലെ തകരാന്‍ തുടങ്ങും. വേലിയേറ്റ സമയത്ത് ഭാവിയില്‍ ഈ പ്രദേശമാകെ വെള്ളത്തിനടയിലായാലും അല്‍ഭുതപ്പെടാനില്ല.

വലിയൊരു പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് ഇല്ലാതാവുന്നത്. സിഐഎസ്എഫ് അടക്കം 150 ലേറെ സുരക്ഷാ ജീവനക്കാരും സ്പീഡ് ബോട്ടും ഉണ്ടായിട്ടും എന്‍ടിപിസിക്ക് ഈ മണല്‍കൊള്ള തടയാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന സംശയം ബാക്കിയാകുന്നു. എന്‍ടിപിസി തുടര്‍ച്ചയായി നല്‍കിയ പരാതി എന്തുകൊണ്ട് നമ്മുടെ അധികൃതര്‍ അവഗണിക്കുന്നുവെന്ന സംശയം ഏത് ഉന്നതന്‍റെ പിന്‍ബലമാണെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.