ദില്ലി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത് കടലിലിറങ്ങിയിട്ട് 10 മാസം. അരിഹന്തിന്‍റെ പിറക് വശം തുറന്നിട്ടതിനെ തുടര്‍ന്ന് വെള്ളം കയറിയതാണ് അന്തര്‍വാഹിനി കേടാകാന്‍ കാരണമെന്ന് നേവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അരിഹന്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതിരോധവകുപ്പ് പ്രതികരിച്ചില്ലെന്ന് 'ദ ഹിന്ദു' റിപ്പോട്ട് ചെയ്യുന്നു.

2009 ല്‍ വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അരിഹന്ത് നീറ്റിലിറക്കിയത് ജൂലൈ 26 ന് മന്‍മോഹന്‍ സിംഗാണ്. ആണവായുധങ്ങളുടെ ഉപയോഗത്തിനു പുറമേ അവയെ പ്രതിരോധിക്കാനും കടലില്‍ നിന്നും കരയില്‍ നിന്നും ആകാശത്തുനിന്നുമുള്ള അണുവായുധ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ശേഷി അരിഹന്തിനുണ്ട്.

അന്തര്‍വാഹിനി നന്നാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതിനായി പല പൈപ്പുകളും മാറ്റി പുതിയത് വെക്കേണ്ടി വരുന്നതിനാലാണ് താമസം എടുക്കുന്നതെന്നും നേവിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആണവ അന്തര്‍വാഹിനി വൃത്തിയാക്കുക എന്നത് കഠിനമായ ജോലിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഐഎന്‍എസ് ചക്രയുടെ സോണാര്‍ ഡോമ്സിന് കേടു വന്നതോടെയാണ് അരിഹന്തിന്‍റെ പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍ ന്യൂക്ലിയര്‍ മിസൈല്‍ വഹിക്കുന്നതും മറ്റ് പ്രധാന കാര്യങ്ങള്‍ ചെയ്യുന്നതും ഐഎന്‍എസ് അരിഹന്തായതിനാല്‍ ഐഎന്‍എസ് ചക്രയ്ക്ക് വലിയ റോളില്ല. ദോക്ലാമില്‍ നിന്ന് ഇന്ത്യ- ചൈന സേനാ പിന്മാറ്റ സമയത്താണ് രാഷ്ട്രീയ നേതൃത്വത്തിന് അരിഹിന്തിന്‍റെ അഭാവം ശ്രദ്ധയില്‍പ്പെടുന്നത്. ഇത്തരത്തില്‍ സേനകള്‍ പിന്മാറുന്ന സ്ഥലത്ത് മുന്‍കരുതലിന്‍റെ ഭാഗമായി അന്തര്‍വാഹിനികളെ നിയമിക്കാറുണ്ട്.