കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച 50 സ്കൂൾ ബസ് ഡ്രൈവര്‍മാർ പിടിയിൽ. ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ അറസ്റ്റിലായത്. ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മധ്യമേഖല റെഞ്ച് ഐജി പി.വിജയൻ അറിയിച്ചു. ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിൽ കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവര്‍മാർ കുടുങ്ങിയത്.

മദ്യപിച്ച് വാഹനം ഓടിച്ച 50 സ്കൂൾ ബസ് ഡ്രൈവര്‍മാർ അറസ്റ്റിലായി. പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റിയതിന് 90 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ജ്യുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. സ്കൂൾ വാഹനങ്ങളുടെ അപകടങ്ങൾ നിത്യസംഭവം ആയതോടെയാണ് പരിശോധനയുമായി പൊലീസ് രംഗത്തെത്തിയത്. ഡ്രൈവർമാരിൽ മാത്രം നടപടി ഒതുങ്ങില്ലെന്നും സ്കൂള്‍ നേരിട്ട് നടത്തുന്ന ബസ് സര്‍വീസ് ആണെങ്കില്‍ ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്‍ക്ക് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും.