അടുത്ത ബന്ധുക്കളും അച്ഛനമ്മമാരുടെ സുഹൃത്തുക്കളും പീഡിപ്പിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു
പാലക്കാട്: പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിന് ശേഷവും പാലക്കാട് വാളയാറിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും ദുരൂഹ മരണങ്ങളും കൂടുന്നു. 27 പെൺകുട്ടികളാണ് ഒന്നരവർഷത്തിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സഹോദരിമാരുടെ മരണത്തിലാകട്ടെ, ഒരു വർഷത്തിന് ശേഷവും വിചാരണ പോലും തുടങ്ങിയിട്ടുമില്ല.
2017 ജനുവരി മാര്ച്ച് മാസങ്ങളിൽ ആണ് ഡലായർ അട്ടപ്പള്ളത് സഹോദരിമാരായ പെണ്കുട്ടികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില് പ്രതികളെ പിടികൂടിയതും, കുറ്റപത്രം സമർപ്പിച്ചതും അതിവേഗമായിരുന്നു. പക്ഷെ ഈ വേഗത കേസിന്റെ വിചാരണ തുടങ്ങുന്നതിൽ ഉണ്ടായില്ല. അഞ്ചു പ്രതികളിൽ പ്രായപൂര്ത്തിയാവാത്ത പ്രതിയും, കുട്ടികളുടെ അമ്മയുടെ ബന്ധുവായ മധുവും ജാമ്യത്തിൽ ഇറങ്ങി. ബാക്കി മൂന്ന് പ്രതികൾ പാലക്കാട് സബ് ജയിലില് തുടരുന്നു.
വാളയാര് പൊലീസ് സ്റ്റേഷന് പരിധിയിൽ കഴിഞ്ഞ വർഷം മാത്രം പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തി ആവാത്ത പെണ്കുട്ടികളുടെ എണ്ണം 22ാണ്. ഈ വർഷം 4 മാസം പിന്നിട്ടപ്പഴേക്കും പീഡനത്തിനിരയായത് 5 പെൺകുട്ടികൾ. ഒന്നര വർഷത്തിനിടെ പീഡിപ്പിക്കപ്പെട്ട 27 പെൺകുട്ടികളും വെറും ഒന്നരക്കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഉള്ളവരാണെന്നത് ഞെട്ടലോടെ കാണേണ്ടതുണ്ട്.
ഏറ്റവും ഒടുവില് കനാല്പിരിവിൽ ആത്മഹത്യ ചെയ്ത 16കാരിയും ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് തെളിഞ്ഞതോടെ, പ്രദേശത്ത് ആത്മഹത്യ ചെയ്തപ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികളുടെ എണ്ണം നാലായി. ഈ സംഭവങ്ങളില് പിടിയിലായവരെല്ലാം അടുത്ത ബന്ധുക്കളും അച്ഛനമ്മമാരുടെ സുഹൃത്തുക്കളുമാണെന്നതാണ് മറ്റൊരു വസ്തുത.
വീടുകളിലെ അരക്ഷിത സാഹചര്യങ്ങള് മൂലം പീഡിപ്പിക്കപ്പെടുന്ന ഈ കുട്ടികൾ കൊലചെയ്യപ്പെടുകയോ അല്ലെങ്കില് ആത്മഹത്യയില് അഭയം പ്രാപിക്കുകയോ ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം.
