ഇന്ത്യയില്‍ ചികിത്സയ്ക്കെത്തുന്ന ഒമാൻ സ്വദേശികളുടെ എണ്ണത്തിൽ വര്‍ധന

ർമസ്കത്ത്: ഇന്ത്യയിലേക്ക് ചികിത്സക്കായി എത്തുന്ന ഒമാൻ സ്വദേശികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ വർധനവെന്നു ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ. ഇന്ത്യയിൽ നിലവിൽ ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങളെ കുറിച്ച് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമെന്നും സ്ഥാനപതി വ്യക്തമാക്കി. മസ്കറ്റിൽ ആരംഭിച്ച അന്താരാഷ്ട്ര ആരോഗ്യ പ്രദർശനത്തിൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്ഥാനപതി.

ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും നൂറിലധികം ആശുപത്രികളും, ആരോഗ്യ സേവന ദാതാക്കളും പങ്കെടുക്കുന്ന അന്താരാഷ്ട്ര ആരോഗ്യ പ്രദർശനം ഒമാൻ ഭരണാധികാരിയുടെ ഉപദേശക കാര്യാലയ സെക്രട്ടറി ജനറൽ ഡോക്ടർ സലേഹ് ബിൻ സലിം അൽ രഹബി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നിന്നുമുൾപ്പടെ ഇന്ത്യയിലെ മുപ്പതിലധികം സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രികളും, ആയുർവേദ കേന്ദ്രങ്ങളും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ധാരാളം ഒമാൻ സ്വദേശികൾ ചികിത്സകൾക്കായി യൂറോപ്പ് , മലേഷ്യ , ഇന്ത്യ തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളെ ആശ്രയിച്ചു വരുന്നുണ്ട്.

മറ്റു വികസിത രാജ്യങ്ങളെക്കാള്‍ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഇൻഡ്യയിൽ ലഭ്യമാകും എന്നതാണ് ഇന്ത്യയിലേക്കു ഒമാൻ സ്വദേശികളെ ആകർഷിക്കുന്ന പ്രധാന ഘടകം. 2016ൽ "ഈ" വിസ ഉൾപ്പെടെ , 95000 വിസകളാണ് ഒമാൻ സ്വദേശികൾക്കായി മസ്കറ്റ് ഇന്ത്യൻ എംബസി അനുവദിച്ചത്. 2017 ഇൽ വിസകളുടെ എണ്ണം 101 ,580 ആയി ഉയർന്നുവെന്നും എംബസി അധികൃതർ വ്യക്തമാക്കി.