ബലാൽസംഗത്തിനിരയായ കന്യാസ്ത്രീക്ക് പിന്തുണ നൽകരുതെന്ന് നിര്‍ദേശം
കൊച്ചി: ജലന്ധർ കത്തോലിക്കാ സഭയിൽ ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ പിന്തുണക്കുന്നവരെ ഭീഷണിപ്പെടുത്തി സഭാ നേതൃത്വം. ബിഷപ്പിനെ വധിക്കാനുളള ഗൂഡാലോചനയിൽ കന്യാസ്ത്രീയും പങ്കാളിയാണെന്ന് കത്തിൽ ആരോപണമുണ്ട്. വിമതവിഭാഗത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ ചികിൽസക്കടക്കം നയാപൈസ തരില്ലെന്നാണ് മദർ സുപ്പീരിയറുടെ താക്കീത്. ജലന്ധർ ബിഷപ്പിനെതിരൊയി പരാതിയിൽ കന്യാസ്ത്രീയിൽ വീണ്ടും അന്വേഷണസംഘം മൊഴിയെടുക്കും.
ബലാൽസംഗത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച ജലന്ധർ രൂപതിയിലെ സിസ്റ്റർ നീനു റോസിനയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭീഷണി സ്വരത്തിലുള്ള കത്തിൽ കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകുന്നത് ഗൂഡാലോചനയായി വ്യാഖ്യാനിച്ചിരിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വധിക്കാനുള്ള വിമതരുടെ നീക്കത്തിൽ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും.
സിസ്റ്റർ നീനു റോസിന്റെ ചികിത്സ വൈകിപ്പിച്ചെന്നും, തുടർപഠനം മുടക്കിയെന്നുള്ള കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. കന്യാസ്ത്രീയെ പിന്തുണക്കുന്ന സിസ്റ്റർ അനുപമയ്ക്കും ബിഷപ്പിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തുറവൂരിലുള്ള കുടുംബവും ആരോപിച്ചിരുന്നു. ഇതിനിടെ ബിഷപ് ഫ്രാങ്ക് മുളയ്ക്കലിനെതിരായ അന്വേഷണം വൈക്കം പൊലീസ് തുടരുകയാണ്. രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം കന്യാസ്ത്രീയിൽ നിന്നും വീണ്ടും മൊഴിയെടുക്കും.
പൊലീസിനോട് പറയാത്ത കാര്യങ്ങൾ രഹസ്യമൊഴിയിലുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക. ഇതിനിടെ കന്യാസ്ത്രീയുടെ കുടുംബത്തിനെതിരെ ബിഷപ് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിന്റെനിഗമനം. അന്വേഷണ പുരോഗതി റിപ്പോർട്ട് കോട്ടയം എസ്പിക്ക് നാളെ സമർപ്പിക്കും.
