Asianet News MalayalamAsianet News Malayalam

ദുരൂഹമരണങ്ങള്‍ ആത്മഹത്യകളാകുന്നു; ഉത്തരം കിട്ടാതെ കന്യാസ്ത്രീകളുടെ മരണങ്ങള്‍

ബിഷപ്പ് ഫ്രാങ്കോ കേസില്‍ നടപടികളാകുന്പോൾ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളെ കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദ്ദത്തില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയെന്നാണ് ആക്ഷേപം.

Nuns mysterious deaths from 1987
Author
Kerala, First Published Sep 22, 2018, 4:03 PM IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസില്‍ നടപടികളാകുന്പോൾ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളെ കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദ്ദത്തില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയെന്നാണ് ആക്ഷേപം.

ഇരുപത് വര്‍ഷം മുന്‍പ് കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സിസ്റ്റര്‍ ജ്യോതിസിന്‍റെ അമ്മ മേരിയെ പോലെ നിരവധി അമ്മമാരുടെ കണ്ണുനീര്‍ ഇനിയും തോര്‍ന്നിട്ടില്ല. ആത്മീയ വഴിയിലേക്ക് പോയ മക്കള്‍ക്ക് എന്തായിരിക്കും സംഭവിച്ചതെന്ന ആധി ഇനിയും ഇവരെ വിട്ടുമാറിയിട്ടില്ല. 

1987 മുതലുള്ള കണക്കുകള്‍ ശേഖരിച്ചിരിക്കുന്നു കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. 87ല്‍ മുക്കൂട്ടുതറ കോണ്‍വന്‍റിലെ വാട്ടര്‍ ടാങ്കില്‍ സിസ്റ്റര്‍ ലിന്‍റയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു, 1992ല്‍ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയ, 93ല്‍ കൊട്ടിയം സമാനസാഹചര്യത്തില്‍ സിസ്റ്റര്‍ മേഴ്സി, 1994ലെ പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ ആനീസ്, 1998ല്‍ കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസ്, ഇതേ വര്‍ഷം തന്നെ പാലാകോണ്‍വെന്‍റില്‍ ദുരൂഹസാഹചര്യത്തില്‍ സിസ്റ്റര്‍ ബെന്‍സി, 2000ല്‍ പാലാസ്നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി തുടങ്ങി പട്ടിക അടുത്ത കാലം വരെ നീളുന്നു. 

കുംടംബാംഗങ്ങളുടെ സംശയം ദൂരീകരിക്കും വിധം ഈ കേസുകളിലൊന്നും അന്വേഷണം പുരോഗമിച്ചില്ല. ഭരണ നേതൃത്വങ്ങളില്‍ നിന്നടക്കമുണ്ടാകാറുള്ള സമ്മര്‍ദ്ദം സഭകളുമായി ബന്ധപ്പെട്ട കേസുകളെ വഴിതിരിക്കുന്നതായാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. പോലീസ് തലപ്പത്തെ ഉന്നതരുടെ ഇടപെടലുകളും കേസുകളെ വഴിമുട്ടിക്കുന്നു.

കേസുകള്‍ മുന്‍പോട്ട് കൊണ്ടുപാകുന്നതില്‍ കന്യാസ്ത്രീകളുടെ കുടംബങ്ങളുടെ സാമ്പത്തിക പശ്ചാത്തലവും തിരിച്ചടിയാകാറുണ്ട്. ഭാരിച്ച ചെലവ് താങ്ങാനാവാത്തതിനാല്‍ പലരും പിന്‍വലിയുന്നു. മാത്രമല്ല സഭ കക്ഷിയാകുന്ന കേസുകളില്‍ നിയമപോരാട്ടത്തിനിറങ്ങിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും കുടംബങ്ങളെ പിന്നോട്ടടിക്കുന്നു

Follow Us:
Download App:
  • android
  • ios