വീണ്ടുമൊരു നഴ്‌സസ് ദിനം എത്തുമ്പോള്‍ ജീവിക്കാനായി സമരത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍. 2016ല്‍ ശമ്പള പരിഷ്കരണം ഉണ്ടാകുമെന്ന ഉറപ്പ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാരും മാനേജ്മെന്‍റുകളും ഒത്തുകളിക്കുകയാണെന്നാണ് നഴ്‌സുമാരുടെ പരാതി.
കേരളത്തിന്‍റെ സമര ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു 2011-12 കാലത്ത് നടന്ന നഴ്‌സ് സമരം. പക്ഷേ താത്കാലികമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയതൊഴിച്ചാല്‍ പിന്നീട് ഒന്നുമുണ്ടായില്ല.
സമരത്തെ തുടര്‍ന്ന് 2013ല്‍ വേതനം കൂട്ടിയപ്പോള്‍ 2016 ജനുവരിയില്‍ വീണ്ടും ശമ്പള പരിഷ്കരണമുണ്ടാകുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നഴ്‌സുമാര്‍ പ്രതിഷേധിച്ചു. ഇതോടെ മിനിമം വേതനം പുതുക്കി നല്‍കുന്നത് പരിശോധിക്കാനായി യുഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായി നിയോഗിച്ച സമിതി ഒരു വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാതെ വന്നതോടെയാണ് നഴ്‌സുമാര്‍ വീണ്ടുമൊരു സമരത്തിലേക്ക് നീങ്ങുന്നത്. മുന്‍ സമരത്തിന് നേതൃത്വം വഹിച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തന്നെയാണ് ജൂണ്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്
2016ല്‍ സുപ്രീംകോടതി നിയോഗിച്ച സമിതി നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരത്തില്‍ കുറയരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. മേഖലയിലെ ശമ്പള പരിഷ്കാരത്തിന് കേന്ദ്രമോ സംസ്ഥാനങ്ങളോ നിയമനിര്‍മ്മാണം നടത്തണമെന്നും ശുപാര്‍ശ ചെയ്തു. പക്ഷേ അതും നടന്നില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ എമിഗ്രേഷന്‍ നിയമം വന്നതോടെ വിദേശത്തും ജോലി സാധ്യത കുറഞ്ഞതോടെയാണ് നാട്ടില്‍ മാന്യമായ വേതനം വേണമെന്ന ആവശ്യം നഴ്‌സുമാര്‍ പറയുന്നത്.
