സമരം ഗവണ്‍മെന്റ് ഉത്തരവിറങ്ങിയാല്‍ മാത്രമേ നിര്‍ത്തുകയുള്ളൂവെന്നും ഇനി ചര്‍ച്ചകള്‍ക്ക് തയ്യാറാവില്ലെന്നും യുഎന്‍എ അറിയിച്ചു

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം വൈകിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യു.എന്‍.എ ലോങ്ങ് മാര്‍ച്ചിന് ഒരുങ്ങുന്നു. ഒമ്പത് മാസത്തോളമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയുടെ മുന്നില്‍ നിന്നാണ് 'വാക്ക് ഫോര്‍ ജസ്റ്റിസ്' എന്നപേരില്‍ സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ച്. അനിശ്ചിതകാല പണിമുടക്ക് തുടരുന്ന 24 ന് രാവിലെ 10 ന് ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ച് ഏകദേശം എട്ട് ദിവസത്തോളമെടുത്തായിരിക്കും സെക്രട്ടേറിയറ്റ് വരെയുള്ള 160 ഓളം കിലോ മീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിജ്ഞാപനം ഇറങ്ങുന്നത് വരെ സെക്രട്ടേറിയറ്റിന് ചുറ്റും സമരമിരിക്കും.

ഒരു ലക്ഷത്തിലേറെ പേരാണ് ലോങ്ങ് മാര്‍ച്ചിലുണ്ടാവുക. ഇതില്‍ സംസ്ഥാനത്ത് നിലവില്‍ നേഴ്‌സിങ് മേഖലയിലുള്ള 1650 ഓളം പുരുഷന്മാരൊഴികെ ബാക്കിയെല്ലാം വനിതകളാണ്. 95 ശതമാനം വനിതകള്‍ പങ്കെടുക്കുന്ന ലോങ് മാര്‍ച്ചിനായി മൊബൈല്‍ ടോയ്‌ലറ്റ്, ബാത്ത് റൂം സൗകര്യമടക്കം അനിവാര്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കിയില്ലെങ്കില്‍ 24 മുതല്‍ ആശുപത്രികളില്‍ പണിമുടക്കുമെന്ന് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേരത്തേ അറിയിച്ചിരുന്നു. നേഴ്‌സുമാരുടെ പണിമുടക്ക് സമരം തുടങ്ങിയാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാവും.

ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്ക് മുന്‍പ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്നാണ് നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീരുമാനമുണ്ടായി ഒന്‍പത് മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.

2016 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പളം ലഭ്യമാക്കണമെന്ന ആവശ്യം മാത്രമാണ് നഴ്സുമാര്‍ക്കുള്ളത്. സുപ്രീം കോടതി പറഞ്ഞ ശമ്പളം നല്‍കാന്‍ രാജ്യത്ത് ആദ്യമായി തയ്യാറായ സംസ്ഥാനമെന്ന് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സമ്മതിച്ചതുമാണ്. ഇതോടെയാണ് ഒരുവര്‍ഷം മുമ്പ് നഴ്‌സുമാര്‍ കേരളം ഇളക്കിമറിച്ച് നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കുന്നത്. എന്നാല്‍ വര്‍ഷം ഒന്നായിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം കിട്ടിതുടങ്ങിയിട്ടില്ല. കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ മുതലാളിമാരുടെ പ്രതികാര നടപടിയും തുടരുന്നുവെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങുന്നതിന് എതിരെ ആശുപത്രി മാനേജ്മെന്റ് വാങ്ങിയ സ്റ്റേ ഹൈക്കോടതി നീക്കി 19 ദിവസം പിന്നിട്ടും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാത്തത് ആശുപത്രി മുതലാളിമാരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് ലോങ്ങ് മാര്‍ച്ച് പ്രഖ്യാപിച്ച് കൊണ്ട് യു.എന്‍.എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ആരോപിച്ചിരുന്നു. 24 ന് നടക്കുന്ന സമരത്തിനായി എല്ലാ ജില്ലകളും യൂണിറ്റുകളും സജ്ജമായിട്ടുണ്ടന്നും 23 ന് നൈറ്റ് ഡ്യൂട്ടി കഴിയുന്ന് നഴ്സുമാര്‍ ഉള്‍പ്പടെ എല്ലാവരും സമരത്തില്‍ പങ്കെടുക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. 

ഏഴുമാസമായി സമരം നടക്കുന്ന ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ എല്ലാ നഴ്സുമാരും എത്തിച്ചേരും. നിയമപരമായ എല്ലാ അറിയിപ്പുകളും നടത്തിയതിന് ശേഷമാണ് സമരം തുടങ്ങുന്നത്. ഇനി ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളിലെ നഴ്സുമാരെ ഡ്യൂട്ടിക്കി നല്‍കി കൊണ്ടുള്ള സമര രീതി അവസാനിപ്പിക്കുകയാണ്. എല്ലാ വിഭാഗവും പണിമുടക്കണമെന്ന യൂണിറ്റുകളുടെ വികാരം മാനിക്കുന്നെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് തുടങ്ങുന്ന സമരം ഗവണ്‍മെന്റ് ഉത്തരവിറങ്ങിയാല്‍ മാത്രമേ നിര്‍ത്തുകയുള്ളൂവെന്നും ഇനി ചര്‍ച്ചകള്‍ക്ക് തയ്യാറാവില്ലെന്നും യുഎന്‍എ അറിയിച്ചു. ദേശീയപാതയിലെ ഗതാഗതത്തിന് തടസമില്ലാത്ത വിധം ക്രമീകരണങ്ങളും വളണ്ടിയര്‍ സംവിധാനങ്ങളുമുണ്ടാകും. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ചിന് ഏറ്റവുമധികം പിന്തുണ ലഭിച്ച കേരളം, ഇതാദ്യമായാണ് ഇത്തരമൊരു സമരമുറയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.