തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ആശുപത്രികളില്‍ തിങ്കളാഴ്ച മുതല്‍ കിടത്തി ചികില്‍സയും ശസ്‌ത്രക്രിയകളും നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനം. പണിമുടക്കിയുള്ള നഴ്‌സുമാരുടെ സമരത്തെ നേരിടാനാണ് സമ്മര്‍ദ തന്ത്രം. അതേസമയം ആശുപത്രികള്‍ അടച്ചിട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. ഇതിനിടെ നഴ്‌സുമാരുടെ പണിമുടക്കിയുള്ള സമരം നേരിടാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് നാളെ അറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കീഴില്‍ വരുന്ന വന്‍കിട ആശുപത്രികളാണ് കിടത്തി ചികില്‍സയും ശസ്‌ത്രക്രിയകളും നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചത്. ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമെത്തുന്ന രോഗികള്‍ക്ക് ചികില്‍സ നല്‍കും. നഴ്‌സിങ് പരിചരണം ലഭ്യമാകാത്ത സാഹചര്യത്തില്‍ വിദഗ്ധ ചികില്‍സ മുടങ്ങുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. എന്നാല്‍ ആശുപത്രികള്‍ അടച്ചിടാനില്ലെന്നും സമരത്തെ നേരിടുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ കോണ്‍ഫെഡറേഷന്‍ തീരുമാനം. 

അടിസ്ഥാന ശമ്പള വിഷയത്തിലടക്കം നിലപാടിലുറച്ച മാനേജ്മെന്‍റുകളോട് സഹകരിക്കേണ്ടതില്ലെന്നും സമരത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നുമാണ് നഴ്‌സിങ് സംഘടനകളുടെ തീരുമാനം. ആശുപത്രികളുടെ നിലപാട് തള്ളിയ സര്‍ക്കാര്‍, ആശുപത്രികള്‍ അടച്ചിട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 326 സ്വകാര്യ ആശുപത്രികളിലാണ് നഴ്‌സുമാരുടെ സമരം തുടങ്ങുക. സമരം എല്ലാ വിഭാഗങ്ങളെയും ബാധിക്കുമെന്നുറപ്പ്. അങ്ങനെ വന്നാല്‍ എസ്‌മ അടക്കം പ്രയോഗിക്കുമോ അതോ നിയമപരമായി നേരിടുമോ അതാണ് ഇനി അറിയേണ്ടത്. ഇരുപതാം തീയതി വീണ്ടും മിനിമം വെജസ് ബോര്‍ഡ് യോഗം ചേരുന്നുണ്ട്. അതിനു മുന്‍പ് ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക് വിളിക്കുമോ എന്നും കണ്ടറിയണം.