പാറ്റ്ന: പാറ്റ്‌ന എയിംസില്‍ നഴ്‌സുമാരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സംഘം ചേര്‍!ന്ന് മര്‍ദ്ദിച്ചെന്ന് പരാതി. ഡോക്ടര്‍മാരുടെ അസഭ്യപ്രയോഗം ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജൂനിയര്‍ ഡോക്ടര്‍ ശശാങ്കിന്റെ ബന്ധുവായ ഒരു രോഗിക്ക് സഹായത്തിന് അറ്റന്‍ഡറെ കിട്ടാതെ വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന വനിതാ നഴ്‌സിനോട് ഡോക്ടര്‍ കയര്‍ത്തു സംസാരിക്കുകയും, അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സഹപ്രവര്‍ത്തകനായ നഴ്‌സിനെ ഡോക്ടര്‍ മര്‍ദ്ദിക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ജീവനക്കാരുടെ അസോസിയേഷന്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജീവനക്കാര്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് നഴ്‌സുമാരടങ്ങുന്ന ജീവനക്കാരുടെ സംഘത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മരക്കഷണവും, കാറിന്റെ താക്കോലും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ജീവനക്കാരുടെ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ പത്ത് മുതല്‍ അഞ്ച് വരെ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കും.
