ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷകരണ നടപടികൾക്ക് സുപ്രിംകോടതിയുടെ സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അടുത്തമാസം രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് 20000 രൂപ മുതല്‍ തുടങ്ങി സര്‍ക്കാര്‍ വേതനത്തിനു തുല്യമായ ശന്പളം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് മിനിമം വേജസ് കമ്മറ്റി വിജ്ഞാപനമിറക്കാനായി സര്‍ക്കാരിന് സമർപ്പിച്ചത്. മാനേജ്മെന്‍റുകളുടെ വിയോജിപ്പ് മറികടന്നായിരുന്നു ഈ തീരുമാനം . മിനിമം വേജസ് കമ്മറ്റിയില്‍ തൊഴിലുടമ പ്രതിനിധികളും തൊഴിലാളി പ്രതിനിധികളും തുല്യ എണ്ണമായിരിക്കണം എന്ന നിയമവും മറികടന്നെന്നാണ് മാനേജ്മെന്‍റുകളുടെ പരാതി . ഇതിനെതിരെയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അടുത്തമാസം രണ്ടാം തിയതി വരെ ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് നടപടിയെടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു . അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്പോൾ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ മിനിമം വേജസ് കമ്മറ്റി രൂപീകരണം തന്നെ ചോദ്യം ചെയ്യപ്പെടും . അങ്ങനെ വന്നാല്‍ കമ്മറ്റിയുടെ തീരുമാനത്തിന് നിയമസാധുത ഇല്ലാതെ വരും ഇതോടെ നഴ്സുമാരുടെ ശന്പള പരിഷ്കരണം വീണ്ടും പ്രതിസന്ധിയിലാകും
