ദില്ലി: നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് വേതന പരിഷ്കരണത്തിനായുള്ള സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്നായിരുന്നു സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ വാദം. ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി, വേതനപരിഷ്കരണത്തിനുള്ള ഉത്തരവ് ഇറക്കുന്നത് സുപ്രിംകോടതി വിധി വരുന്നത് വരെ തടഞ്ഞിരുന്നു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി കഴിഞ്ഞ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷ്ണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്. സമിതിയുടെ ഘടനയെയാണ് മാനേജ്മെന്റുകള്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.
വേതനസമിതി രൂപീകരിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി വിശദീകരണം തേടിയിരുന്നു. അസോസിയേഷന്‍ വാദം നിലനില്‍ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവ്. നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ.
