തിരുവനന്തപുരം: നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെ നഴ്‍സസ് സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ച വ്യാഴാഴ്ച നടക്കും. അതിനിടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശന്പളം നൽകുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷനുകളുടെ സംയുക്തസംഘടന വ്യക്തമാക്കി. നഴ്സുമാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് സംഘടന അറിയിച്ചു.എന്നാല്‍ മിനിമം വേതനം 20.000 രൂപയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല.ഇക്കാര്യത്തിൽ അന്തിമ തീരുമാനം 20 ആം തീയതി ചേരുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി യോഗത്തിൽ ഉണ്ടാകും.സമരവുമായി നഴ്സുമാർ മുന്നോട്ട് പോയാലും ആശുപത്രികൾ അടച്ചിടില്ലെന്നറിയിച്ച ഭാരവാഹികൾ എസ്മ പ്രയോഗിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ തീരുമാനം ആണെന്നും വ്യക്തമാക്കി. നഴ്സിംഗ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സമരത്തെ നേരിടുക എന്ന തീരുമാനം ജില്ലാ ഭരണകൂടങ്ങൾക്ക് മാത്രമേ സ്വീകരിക്കാനാകൂ.ഇക്കാര്യത്തിൽ തങ്ങൾ നിലപാടെടുക്കില്ലെന്നും കോൺഫഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി.

നാളെ കണ്ണൂരില്‍ നഴ്‌സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. സമരം കാരണം നഴ്‌സുമാരുടെ കുറവുള്ള സ്വകാര്യ ആശുപത്രികളില്‍ ജില്ലയിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിന്യസിക്കും. 150 വിദ്യാര്‍ത്ഥികളെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി എത്തിക്കുക. സമരം കാരണം നഴ്‌സുമാരുടെ കുറവ് ആശുപത്രികളെ ബാധിക്കാതിരിക്കാന്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. സമരം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ജില്ലയില്‍ ജനകീയ സമിതിരൂപീകരിക്കാനും ജനകീയ മാര്‍ച്ചിനും ഐ.എന്‍.എ തീരുമാനിച്ചിരിക്കെയാണ് ഈ നടപടി. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരം നിര്‍ത്തിവെച്ച് ചര്‍ച്ചക്കില്ലെന്ന നിലപാടായിരുന്നു ഐ.എന്‍.എ എടുത്തിരുന്നത്.