തിരുവനന്തപുരം: ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ തുടരുന്ന സമരം താത്ക്കാലികമായി അവസാനിച്ചു. മാനേജ്മെന്റ് പ്രതിനിധികള്‍, നഴ്‌സുമാരുടെ സംഘടനകള്‍ എന്നിവരുമായി സര്‍ക്കാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. സമരം ചെയ്ത നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50ശതമാനം ഇടക്കാലാശ്വാസമായി നല്‍കും 

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതലാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ തൃശ്ശൂരിലെ എട്ട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു. പകര്‍ച്ചപ്പനിയുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ പ്രശ്നത്തിലിടപെട്ടത്. മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സമരക്കാരും മാനേജ്മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. അടിസ്ഥാന ശമ്പളത്തിന്റെ 50ശതമാനം ഇടക്കാലാശ്വാസമായി നല്‍കും.

ഈ മാസം ലേബര്‍കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അടിസ്ഥാന ശമ്പളം ഉള്‍പ്പെടെയുളള കാര്യത്തില്‍ ചര്‍ച്ച നടക്കും. തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. അതേസമയം 27ന് അനുകൂല തീരുമാനമില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് നഴ്‌സുമാരുടെ നിലപാട്. നഴ്‌സമാരുടെ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതിനേരത്തെ നിര്‍ദ്ദേശിച്ചിരുന്നു