കണ്ണൂര്‍: സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നു. വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരുന്നുണ്ട്. കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടനകള്‍. കണ്ണൂരില്‍ നഴ്‌സുമാര്‍ക്കൊപ്പം നഴ്‌സിങ് വിദ്യാര്‍ത്ഥികളും സമരത്തിലാണ്. അതേസമയം കണ്ണൂരില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുളള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതിനിടെ പരിയാരം മെഡിക്കല്‍കോളേജിലെ സമരം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ഇന്നും തുടരുകയാണ്. നഴ്സിങ് സ്‌കൂളിന് മുന്നില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കുത്തിയിരുന്ന് സമരം തുടരുകയാണ്. കളക്‌ടറുടെ ഉത്തരവിനെതിരെ നഴ്‌സുമാരുടെ സംഘടനയായ ഐഎന്‍എ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതുകൂടാതെ മുഴുവന്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കളക്‌ടറേറ്റ് മാര്‍ച്ച് നടത്താനും ഐഎന്‍എ തയ്യാറെടുക്കുകയാണ്. നഴ്‌സുമാരുടെ സമരത്തിന് വിവിധ കോണുകളില്‍നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.