തൃശ്ശൂര്‍: തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചു. ഇന്ന് തൃശ്ശൂരില്‍ നടന്ന നഴ്സുമാരുടെ സംഘടനാ യോഗത്തിലാണ് തീരുമാനം. സമരം നിര്‍ത്തിയാല്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്സുമാരുടെ സംഘടനയെ അറിയിച്ചിരുന്നു. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇന്ന് ഹൈക്കോടതിയും ഇന്ന് വ്യക്തമാക്കി. 

ഹൈക്കോടതി നിശ്ചയിച്ച മദ്ധ്യസ്ഥരുടെ സമിതി പ്രശ്നം പരിഹരിക്കാന്‍ 19ന് യോഗം ചേരുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് അതുവരെ സമരം നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുക്കും. 19ന് നടക്കുന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിഞ്ഞ ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിച്ചു. തിങ്കഴാഴ്ച മുതല്‍ നഴ്സുമാര്‍ സമരം ചെയ്യുകയാണെങ്കില്‍ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടനയും തീരുമാനിച്ചിരുന്നു.