ആലപ്പുഴ: അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാൻ നേഴ്സുമാരുടെ തീരുമാനം. എന്നാല്‍ അനിശ്ചിതകാല പണിമുടക്ക് എന്ന് തുടങ്ങുമെന്ന് പിന്നീട് തീരുമാനിക്കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്സുമാര്‍ ആറുമാസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ അനിശ്ചിത കാല പണിമുടക്ക് നടത്താനൊരുങ്ങുന്നത്. 

പണിമുടക്കുന്ന ആയിരക്കണക്കിന് നഴ്സുമാര്‍ ഇന്ന് ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കുന്നു. 

അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ ഇന്നത്തെ ഉപരോധം അവസാനിപ്പിച്ചു . അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് അയച്ച റിപ്പോർട്ടിനെക്കുറിച്ച് തഹസിൽദാർ ടി.യു. ജോൺ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഉപരോധസമരം അവസാനിപ്പിച്ചത്.

എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  നഴ്‌സുമാരുടെ പണിമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാര്‍ വാദിക്കുന്നു.