തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിക്കാനുള്ള ചര്‍ച്ച പരാജയം. കുറഞ്ഞ വേതനം 20806 രൂപ ആക്കി നിശ്ചയിച്ചെങ്കിലും അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന നിലപാടില്‍ നഴ്‌സുമാര്‍ ഉറച്ചതോടെ ചര്‍ച്ച പൊളിഞ്ഞു. നാളെ മുതല്‍ പണിമുടക്ക് സമരവുമായി മുന്നോട്ടുപോകാന്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും സൂചന പണിമുടക്ക് നടത്താന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും തീരുമാനിച്ചു.

അടിസ്ഥാന ശമ്പളം 20,000 രൂപയാക്കുക എന്നതായിരുന്നു നഴ്‌സുമാരുടെ പ്രധാന ആവശ്യം. എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മിനിമം വേതനം 20806 രൂപയാക്കി നിശ്ചയിച്ചു. ഡി എ ഉള്‍പ്പെടെ എല്ലാ അലവന്‍സുകളും ലയിപ്പിച്ചുകൊണ്ടാണ് ഈ വേതനത്തിലേക്ക് എത്തിയത്. എന്നാല്‍ അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നഴ്‌സുമാരെ വഞ്ചിച്ചെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.

യുണൈറ്റഡ് നഴ്സ്സ് അസോസിയേഷന്‍ ചൊവ്വാഴ്ച 50000 നഴ്‌സുമാരെ അണിനിരത്തി സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും തുടങ്ങും. അങ്ങനെ വന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടും.