ചങ്ങനാശേരി തൃക്കൊടിത്താനം പ‍ഞ്ചായത്തിലെ ദീപുപ്രസാദ് 2008ൽ ബിഎസ് സി നേഴ്സിങ്ങ് പഠനത്തിനായി 2.90000 രൂപാ വിദ്യാഭ്യാസ വായ്പയെടുത്തതാണ്. കോഴ്സ് പൂർത്തിയായെങ്കിലും ഇതുവരെ ജോലിയായില്ല.കഴിഞ്ഞിടെ ദീപുപ്രസാദിന്റെ ഒറ്റമുറി വീടിന്റെ പലക വാതിലിൽ  അധികൃതർ ജപ്തി നോട്ടീസ് പതിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ സങ്കടത്തിലാണ് ഈ കുടുംബം

സമാനമായ അനുഭവമാണ് അരമനപ്പടിക്കൽ സ്വദേശി ഓമനയുടെ കുടുംബത്തിനും. മകൾ മായയ്ക്ക് ബിഎസ് സി നേഴ്സിങ്ങ് പഠനത്തിനായി മൂന്നേമുക്കാൽ ലക്ഷം രൂപ വായ്പയെടുത്തതാണ്.പലിശ ഉൾപ്പെടെ ഇപ്പോൾ തിരിച്ചടക്കേണ്ടത് ആറു ലക്ഷത്തോളം രൂപായാണ്. ജപ്തിനോട്ടീസ് കിട്ടിയതോടെ ഈ കുടുംബവും പ്രതിസന്ധിയിലായി. പതിനായിരത്തിലേറ  കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സംസ്ഥാനത്താകെ ജപ്തി നോട്ടീസ് കിട്ടിയിരിക്കുന്നത്. ജപ്തി നോട്ടീസുമായി ബാങ്കും  റിക്കവറി നടപടികളുമായി റെവന്യൂ ഉദ്യോഗസ്ഥരും രംഗത്തിറങ്ങിയതോടെ പതിനായിരങ്ങൾ സ്വന്തം വീട്ടിൽ നിന്നും കുടിയിറക്ക് ഭീഷണിയിലാണ് .

മുഖ്യമന്ത്രിയുടെ നിർദേശം ലംഘിച്ചാണ് സംസ്ഥാനത്ത് പലയിടത്തും റവന്യൂ ഉദ്യോഗസ്ഥര്‍ വായ്പയെടുത്തവരുടെ വീടുകളിൽ ജപ്തി നോട്ടീസ് പതിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 26ന് പി സി ജോർജിന്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് വിദ്യാഭ്യാസ വായ്പയെടുത്തവർക്കെതിരെ ജപ്‍തി നടപടിയെടുക്കുന്നതിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ജപ്തി നടപടിക്ക് ഒരു സർക്കാർ സംവിധാനവും കൂട്ട് നിൽക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശം പുറത്ത് വന്ന് ദിവസങ്ങൾക്കകമാണ് ചേർത്തലയിലെ റവന്യൂ റിക്കവറി വിഭാഗം തഹസീൽദാർ ചേർത്തല മുട്ടത്തിപ്പറമ്പിലെ നാരായണപ്പണിക്കർക്ക് ജപ്തി നോട്ടീസ് നല്‍കിയത്. ബിഎസ് സി നേഴ്സിങ്ങ് പഠനത്തിനായി മകളുടെ പേരിലെടുത്ത വായ്പയാണ്ഈ കുടുംബത്തെ വേദനയിലാക്കിയിരിക്കുന്നത്. ജപ്തി നടപടി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകാനൊരുങ്ങുകയാണ് ഈ കുടുംബം.