നാട്ടുകാരും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ആദ്യം ദുരിതബാധിതരെ സഹായിച്ചത്. പിന്നീടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നത്. എന്നാല്‍ ഇതിനുശേഷം ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കാനായി സിപിഎമ്മുകാരെത്തി.

തിരുവനന്തപുരം: ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാനത്തിലുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുന്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

നേമം മണ്ഡലത്തില്‍ കാര്യമായ മലയിടിച്ചിലോ ഉരുള്‍പൊട്ടലോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായിട്ടില്ല. എന്നാല്‍ മറ്റിടങ്ങളിലുണ്ടായ പ്രശ്നകാരണം നേമം മണ്ഡലത്തില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കകുയം എട്ട് ദുരിതാശ്വാസക്യാംപുകള്‍ സംഘടിപ്പിക്കേണ്ടിയും വന്നു. വെള്ളപ്പൊക്കമുണ്ടായ ആദ്യദിവസങ്ങളിലൊന്നും സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. 

നാട്ടുകാരും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ദുരിതബാധിതരെ സഹായിച്ചത്. പിന്നീടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത്. എന്നാല്‍ ഇതിനുശേഷം ദുരിതാശ്വാസക്യാംപുകള്‍ പിടിച്ചെടുക്കാനായി പാര്‍ട്ടിക്കാരുമെത്തി. ക്യാംപുകള്‍ പിടിച്ചെടുക്കുക എന്ന പുതിയൊരു രീതി ഇതിനിടയില്‍ വന്നു. ഇതൊന്നും ശരിയായ പ്രവണതയല്ല. 

പക്ഷേ ആശ്വാസകരമായ കാര്യം ദുരന്തത്തെ നേരിടാന്‍ മുഴുവന്‍ മലയാളികളും ഒന്നിച്ചു നിന്നു എന്നുള്ളതാണ്. ഒരു ദുരന്തം വന്നാല്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് രാഷ്ട്രീയക്കാര്‍ വിചാരിച്ചിട്ട് കാര്യമില്ല വിദഗ്ദ്ധരുടെ സഹായം തേടണം. ഇതിനായുള്ള ഫണ്ട് വിനിയോഗം ശാസ്ത്രീയവും സുതാര്യവുമായിരിക്കണം. 

സുനാമി ഇല്ലാത്ത സ്ഥലത്ത് സുനാമി ഫണ്ട് ചിലവഴിച്ച പോലൊന്നും പ്രളയപുനരധിവാസത്തില്‍ കാണിക്കാന്‍ പാടില്ല. പ്രത്യേക്ക അക്കൗണ്ടും കൃത്യമായ ഓഡിറ്റിംഗും വേണം. നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാനുള്ള അവസരമായി ഇതു കാണണം. നഗരമേഖലകളിലൂടെ കടന്നു പോവുന്ന നദികള്‍ക്ക് കൃത്യമായി അരികുഭിത്തി കെട്ടണം ഇക്കാര്യം ജലവിഭവവകുപ്പ് മന്ത്രി ഉറപ്പാക്കാണം.