മുൻപ് ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നുവെന്ന് ബിജെപി നേതാവ് വയ്ക്കൽ സോമൻ ആരോപിച്ചു. താൻ അവരെ ഷാൾ അണിയിച്ചെന്നും തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് അയിഷാ പോറ്റി പ്രതികരിച്ചു.

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ കൊല്ലത്തെ രാഷ്ട്രീയ ചിത്രം ചൂടുപിടിക്കുന്നു. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമന്റെ ആരോപണത്തിനാണ് അയിഷാ പോറ്റി മറുപടി നൽകിയത്.

സിപിഎമ്മിലായിരുന്ന സമയത്ത് അയിഷാ പോറ്റി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് ചർച്ചകൾ നടത്തിയിരുന്നതായും, താൻ അവരെ ഷാൾ അണിയിച്ചതായും വയ്ക്കൽ സോമൻ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകൾ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഈശ്വരവിശ്വാസിയായിരുന്ന ഐഷയെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിരീശ്വരവാദിയാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അയിഷാ പോറ്റി വ്യക്തമാക്കി. താൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നോ ഷാൾ അണിയിച്ചെന്നോ പറയുന്നത് തെളിയിക്കാൻ അവർ വെല്ലുവിളിച്ചു. പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന കാര്യം താൻ നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും എന്നാൽ ഷാൾ അണിയിച്ചു എന്ന വാദം പച്ചക്കള്ളമാണെന്നും അവർ കൂട്ടിച്ചേർത്തു.

നീണ്ട കാലം സിപിഎമ്മിന്റെ ജനപ്രതിനിധിയായിരുന്ന അയിഷാ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.