തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാലാവസ്ഥയും കടലും പ്രക്ഷുബ്ധമായി തുടരുന്നതിനിടെ തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പത്ത് പേര്‍ കൂടി തീരത്ത് തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നേരത്തെ തിരിച്ചെത്തിയിരുന്നു. 

ഇന്നലെ വൈകിട്ടാണ് നൂറോളം വള്ളങ്ങളിലായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇവയെല്ലാം കരയില്‍ തിരിച്ചെത്തേണ്ടതായിരുന്നുവെങ്കിലും ഉച്ചവരെ 70 വള്ളങ്ങള്‍ മാത്രമാണ് മടങ്ങിയെത്തിയത്. 140-മത്സ്യത്തൊഴിലാളികളെങ്കിലും ഇപ്പോഴും കടലില്‍ തന്നെയാണെന്നാണ് കരുതപ്പെടുന്നത്. 

ഇവര്‍ക്കായി കുടുംബാംഗങ്ങളും നാട്ടുകാരും തീരത്ത് കാത്തിരിക്കുകയാണ്. തിരിച്ചു വരാത്ത 30 വള്ളങ്ങളെക്കുറിച്ചോ അതിലുള്ള മത്സ്യത്തൊഴിലാളികളെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൂന്തുറ സെന്റ തോമസ് പള്ളി വികാരി ജസ്റ്റിന്‍ ജൂടിന്‍ അറിയിച്ചിട്ടുള്ളത്. കടലിലേക്ക് പോയവരെക്കുറിച്ച് ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് നേരിയ ആശ്വാസം നല്‍കി കൊണ്ട് പത്ത് പേര്‍ തിരിച്ചെത്തിയിരിക്കുന്നത്.