കവരത്തി: കേരളത്തെ ഉലച്ച് കടന്നു പോയ ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിനോട് അടക്കുന്നു. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിന് സമീപത്തായാണ് ഓഖിയുടെ നിലവിലെ സ്ഥാനം. കേരളതീരത്ത് നിന്ന് 160-കിമീ അകലെയാണ് ഓഖി എങ്കിലും കാറ്റിന് ശക്തി ചോരാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

സാധാരണഗതിയില്‍ ഇത്രദൂരം പിന്നിട്ടാല്‍ കാറ്റിന്റെ ശക്തി ക്ഷയിക്കേണ്ടതാണ്. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം-കൊല്ലം ജില്ലകള്‍ക്ക് 70 കി.മീ വരെ അടുത്ത് വന്ന് ഓഖി ഇപ്പോള്‍ മിനിക്കോയി-കവരത്തി ദ്വീപുകള്‍ക്ക് നേരെയാണ് സഞ്ചരിക്കുന്നത്. ഇന്നലെ കേരളതീരം വഴി 95 കി.മീ വേഗതയിലാണ് ഓഖി കടന്നു പോയത്. 

ഓഖി അടുത്തേക്ക് വരും തോറും കനത്ത മഴയും കാറ്റുമാണ് ലക്ഷദ്വീപില്‍ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രിയില്‍ കനത്ത മഴയും കാറ്റുമാണ് ഉണ്ടായതെന്ന് കവരത്തി ദ്വീപില്‍ നിന്നുള്ള ഷിഹാബ്, ആരിഫ് ഖാന്‍ എന്നിവര്‍ ഏഷ്യനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. കേരളതീരത്തോട് കൂടുതല്‍ ചേര്‍ന്ന് കിടക്കുന്ന മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ കനത്ത കാറ്റും ശക്തിയേറിയ തിരമാലകളും രൂപപ്പെട്ടത് ദ്വീപ് നിവാസികളെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക്-യാത്രാക്കപ്പലുകള്‍ യാത്ര വച്ചിരിക്കുകയാണ്. കേരളവും ലക്ഷദ്വീപും ചുഴലിക്കാറ്റില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ വിട്ടു തരണമെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.