കാസര്‍കോട് : നീലേശ്വരം അഴിത്തലയില്‍ ശനിയാഴ്ച കടലില്‍ കാണാതായ സുനിലിന്റെ തിരച്ചിലിനായി നാവികസേനയുടെ കോപ്റ്ററിനും കോസ്‌റ്ഗാര്‍ഡിന്റ കപ്പലിനും വേണ്ടി മല്‍സ്യ തൊഴിലാളികളും പോലീസും ജന പ്രതിനിധികളും അടങ്ങിയ വലിയൊരു സംഗം അപകടം നടന്ന തൈക്കടപ്പുറം പുലിമുട്ടില്‍ കാത്തിരുന്നത് 24 മണിക്കൂര്‍. ജില്ലാകളക്ടറില്‍ വിശാസ മര്‍പ്പിച്ചു കാത്തിരുന്നവര്‍ക്കു നിരാശയായിരുന്നുഫലം. 

രാവിലെ പത്തുമണിയോടെ സുനിലിനെ കണ്ടെത്തുന്നതിനായി കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കോപ്ടര്‍ വരുമെന്ന് അറിയിപ്പുണ്ടായിരുന്നു. അതിനാല്‍ തിരച്ചിലിനായി മറ്റ് സംവിധാനങ്ങള്‍ ഏര്‍പെടുത്തിയതുമില്ല. കോസ്റ്റല്‍ പോലീസ് ബന്ധപ്പെടുമ്പോഴെല്ലാം കോപ്ടര്‍ ഉടനെത്തും എന്ന മറുപടിയാണ് കിട്ടിയത്. 

ഇതിനിടയില്‍ കളക്ടറുടെ പത്ര കുറിപ്പും വന്നിരുന്നു. ഉച്ചയോടെ ഒരുമണിക്ക് കോപ്ടറും മംഗലാപുരത്തുനിന്ന് കപ്പലും വരുമെന്നായിരുന്നു കുറിപ്പ്. സമയം നീളുംതോറും പലകാരണങ്ങള്‍ പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ബന്ധപ്പെട്ടവര്‍ തീരത്തുണ്ടായിരുന്നവരെ സമാശ്വശിപ്പിക്കികയും ചെയ്തിരുന്നു. കാസര്‍ഗോട്ടേയ്ക്കായി വന്ന കോപ്ടര്‍ കോഴിക്കോട്ട് അപകടത്തില്‍ പ്പെട്ടവരെയുംകൊണ്ട് തിരികെ പോയെന്നും വൈകുന്നേരത്തോടെ അഴിത്തലയില്‍ എത്തുമെന്നും അറിയിപ്പുകള്‍ വന്നു.

കാണാതായ മല്‍സ്യ തൊഴിലാളിയെ കണ്ടെടുക്കും എന്ന പ്രതീക്ഷയില്‍ ഇവിടേയ്ക്ക് നിരവധി ആളുകളാണ് എത്തിയത്. അഞ്ചു മണിയായപ്പോള്‍ കാസര്‍ഗോട് എ ഡി എം, നഗരസഭാ ചെയര്‍മാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം എത്തിയപ്പോള്‍ പുളിമൂട്ടില്‍ കാത്തിരുന്നവര്‍ക്കു പ്രതീക്ഷ നൂറിരട്ടിയായി.

എന്നാല്‍ സ്ഥലത്തെത്തിയ എ.ഡി.എം കോപ്ടര്‍ വരില്ലെന്നും നാളെ പകല്‍ മംഗലാപുരത്തുനിന്ന് കപ്പല്‍ എത്തുമെന്നും തീരത്തു കാത്തുനിന്നവരെ അറിയിക്കുകയായിരുന്നു. തിരച്ചിലിന് ആരുംഎത്തില്ലെന്ന് അറിഞ്ഞതോടെ നഗരസഭാ ചെയര്‍മാനോട് മല്‍സ്യ തൊഴിലാളികള്‍ ക്ഷുഭിതരായി. ശക്തമായ കടലാക്രമണത്തില്‍ കാസര്‍കോട് മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.