ആലപ്പുഴ: ഓഖിയില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴയ്ക്ക് സമീപം കടലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനയത്. മൃതദേഹം രാത്രി പത്ത് മണിയോടെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കും. 

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും സന്ദേശമയച്ചിട്ടുണ്ട്.

കടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതായുള്ള പ്രചാരണങ്ങള്‍ തീരത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കാണാതായ ആളുകളുടെ കൃത്യമായ വിവരം ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ചില പ്രയാസങ്ങള്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നും നേവിയുടെ കപ്പലുകള്‍ തെരച്ചലിന് ഉണ്ടാകേണ്ടേത് ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. അവസാന ആളെയും കടലില്‍ നിന്ന് രക്ഷപ്പെടുത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

ചില വള്ളങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വീണ്ടെടുക്കാന്‍ ക്രെയിന്‍ ഉള്ള കപ്പലുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. തെരച്ചില്‍ നിര്‍ത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെടുമെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്റെ കണക്ക് സംബന്ധിച്ച് ലത്തീന്‍ സഭയുമായി ഏറ്റുമുട്ടലിനില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.