തിരുവനന്തപുരം: മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ മഴയും കടല്‍ ക്ഷോഭവും ലക്ഷദ്വീപിലാകെ വലിയ നാശം വിതച്ചു. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളാണ് ഓഖിയുടെ പ്രഹരം കൂടുതല്‍ ഏറ്റുവാങ്ങിയത്. മിനിക്കോയ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്. രാത്രിയോടെ ഓഖി പിന്‍വാങ്ങുമെങ്കിലും കടലാക്രമണ സാധ്യത നിലനില്‍ക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെങ്ങ് കടപുഴകി വീണ് വീടുകള്‍ മിക്കതും തകര്‍ന്നു. റോഡ് ഗതാഗതവും വാര്‍ത്ത വിനിമയ സംവിധാനങ്ങളും പലയിടത്തും തകര്‍ന്നതോടെ പല ദ്വീപുകളും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പ്പേനിയില്‍ ഹെലിപ്പാട് ഭാഗീകമായി തകര്‍ന്നു. കരയില്‍ നിര്‍ത്തിയട്ട ബോട്ടുകളടക്കം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ദുരന്തം കണക്കിലെടുത്ത് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. 

കവരത്തിയില്‍ ചരക്കുമായെത്തിയ രണ്ട് ഉരു മുങ്ങിപ്പോയി. നാവികസേന ഹെലികോപ്റ്ററില്‍ ഉരുവിലെ ജീവനക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കി തിരിച്ചുപോയതോടെ നാട്ടുകാര്‍ സാഹസികമായി ഇവരെ രക്ഷപ്പെടുത്തി. അല്‍ നൂര്‍ എന്ന ഉരുവിലെ ജീവനക്കാരെയാണ് നാട്ടുകാര്‍ അതി സാഹസികമായി രക്ഷപ്പെടുത്തിയത്.അടിയന്തര സാഹചര്യം നേരിടാനുള്ള ഭക്ഷണവും മരുന്നുമായി നേവിയുടെ രണ്ട് കപ്പലുകള്‍ ലക്ഷദ്വലീപിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം കടല്‍ ക്ഷോഭം ശക്തമായതോടെ ദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസ് നിര്‍ത്തി. ഇതോടെ കൊച്ചിയിലും ബേപ്പൂരുമായി ആയിരത്തിലധികം ദ്വീപ് നിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. യാത്ര മുടങ്ങിയതോടെ പലരും കൈയ്യില്‍ പണമില്ലാത്ത അവസ്ഥയിലാണ്.

നിലവില്‍ മിനിക്കോയ് അല്‍മേനി ദ്വീപ് ഭാഗത്താണ് ഓഖി ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ലക്ഷദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 12 0കിലോമീറ്റര്‍ വേഗതയില്‍ ഇന്ന് രാത്രിവരെ കാറ്റു വീശും. പുലര്‍ച്ചയോടെ ഗുജറാത്ത് തീരത്തേക്ക് ഓഖി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. കാറ്റിന്റെ തീവ്രത കുറയുമെങ്കിലും കടലാക്രമണം ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന ദ്വീപുകളില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.