കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ തീരങ്ങളിലും കടലാക്രമണം രൂക്ഷം. കോഴിക്കോട് ഫറോക്കില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നുപേര്‍ തിരിച്ചെത്തിയില്ല. കാസര്‍ഗോഡ് അഴിത്തല കടപ്പുറത്ത് ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യതൊഴിലാളിയെയും ഇതുവരെ കണ്ടെത്താനായില്ല. അതിനിടെ മീന്‍പിടുത്തത്തിന് പോയി കടലില്‍ കുടുങ്ങിയ പലബോട്ടുകളും തീരത്തെത്തിയത് ആശ്വാസമായി.
മലബാറിലെ തീരങ്ങളിലും ഓഖി ദുരിതം തുടരുകയാണ്. കോഴിക്കോട് ഫറോക്കില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് പേര്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന തിരച്ചില്‍ നടത്തുന്നുണ്ട്. മത്സ്യതൊഴിലാളികളായ ബാവ, ഷാജി എന്നിവരും തമിഴ്‌നാട് സ്വദേശിയുമാണ് വള്ളത്തിലുണ്ടായിരുന്നത്. കാസര്‍ഗോഡ് അഴിത്തല കടപ്പുറത്ത് ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യതൊഴിലാളി സുനിലിനെയും ഇതുവരെ കണ്ടെത്താനായില്ല.
കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള മുസോട്ടി കടപ്പുറത്ത് കടലാക്രമണത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കോഴിക്കോട് കാപ്പാട്, കൊയിലാണ്ടി, കോതി,കടലുണ്ടി,മാറാട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. പുതിയാപ്പ, ബേപ്പൂര്‍ , വെള്ളയില്‍ ,താനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ ബോട്ടുകളും വള്ളങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്ന് പോയ ബോട്ട് മാഹി പുറം കടലില്‍ തകര്‍ന്നെങ്കിലും ബോട്ടിലുണ്ടായിരുന്നു അന്‍പത് പേരും നീന്തി രക്ഷപ്പെട്ടു.
ദുരന്ത നിവാരണ സേനയും റവന്യൂ-പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങളും ഏത് സ്ഥിതിയും നേരിടാന്‍ സജ്ജമാണ്.കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. യാത്ര മുടങ്ങിയ 110 പേര്‍ കോഴിക്കോട് കുടങ്ങിയിട്ടുണ്ട് ഇവര്‍ക്ക് ഭക്ഷണവും താമസവും ഉള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.അടുത്ത രണ്ട് ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
