കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ കനത്ത ആള്‍നാശം നേരിട്ടത് തിരുവനന്തപുരം-കൊച്ചി മേഖലകളിലായിരുന്നുവെങ്കില്‍ രക്ഷപ്പെടാനാവാതെ കടലില്‍ മരണപ്പെട്ടവര്‍ ഒടുവില്‍ ഒഴുകിയെത്തുന്നത് കോഴിക്കോട് തീരത്താണ്. 

കഴിഞ്ഞ 3 ദിവസങ്ങളിലായി 22 മൃതദേഹങ്ങള്‍ ആണ് കോഴിക്കോട്ടെ തീരത്ത് നിന്ന് കണ്ടെത്തിയത്. കോഴിക്കോട് അടങ്ങുന്ന മലബാറിലെ തീരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്ത് നിന്ന് വലിയ ദൂരെയല്ലാതെ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും പലപ്പോഴും കരയ്‌ക്കെത്തിക്കുന്നതും മത്സ്യത്തൊഴിലാളികളാണ്. 

കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും വലിയ ബോട്ടുകള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്താന്‍ പ്രയാസം നേരിടുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ബോട്ടുകളും തെരച്ചില്‍ സംവിധാനങ്ങളും ഉടന്‍ ലഭ്യമാക്കണമെന്നുമാണ് മലബാര്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം.

കടലില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങളെല്ലാം കോഴിക്കോട് മെഡിക്കല്‍ കാളജ് ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ഇപ്പോള്‍ തന്നെ സൂക്ഷിക്കാവുന്നതിലും കൂടുതല്‍ മൃതദേഹങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും തീരത്ത് നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സംവിധാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ല.

വളരെ വികൃതമായ അവസ്ഥയില്‍ വീണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയും വരെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കോഴിക്കോട് മെഡി.കോളേജില്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.