കണ്ടമാല്‍: മികച്ച വിജയം പത്താം ക്ലാസില്‍ നേടിയിട്ടും ഉപരിപഠനം സാധ്യമാകതെ ദളിത് പെണ്‍കുട്ടി. ഒഡീഷയിലെ കണ്ടമാല്‍ ജില്ലയിലെ ബഹുല്‍മഹ ഗ്രാമത്തില്‍നിന്നുള്ള കരിസ്മ ദിഗളിനാണ് ഈ ദുര്‍ഗതി. ഈ കൊച്ചുമിടുക്കി ജീവിത പരിമിതികള്‍ക്കിടയില്‍ പത്താംക്ലാസ്സില്‍ നേടിയത് 91% മാര്‍ക്ക്. 

എന്നാല്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ബഹുല്‍മഹ പഞ്ചായത്തില്‍ ഏറ്റവും ഉന്നതവിജയം നേടിയത് ഈ പെണ്‍കുട്ടിയാണ്. എന്നാല്‍ തുടര്‍പഠനത്തിന് പോകാനാകാത്തതിനാല്‍ കരിസ്മ തീര്‍ത്തും ദു:ഖിതയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. സയന്‍സ് പഠിക്കാന്‍ ഭുവനേശ്വറിലെ കോളേജില്‍ നിന്ന് വിളിവന്നെങ്കിലും പണമില്ലാത്തതിനാല്‍ കരിസ്മയ്ക്ക് പ്രവേശനം നേടുവാന്‍ സാധിച്ചിട്ടില്ല.

ഭുവനേശ്വറിലെ പ്രീഡിഗ്രി കോളേജുകളില്‍ വരുന്ന വാരമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇവളുടെ വീടിന് അടുത്ത് ഇത്തരത്തിലുള്ള സര്‍ക്കാര്‍ കോളേജുകളും ഇല്ല. ദിവസവേതനത്തിന് തൊഴിലെടുക്കുന്ന പിതാവും കാട്ടില്‍ നിന്ന് കിഴങ്ങുകളും ഫലവിത്തുകളും ശേഖരിച്ച് വില്ക്കുന്ന മാതാവും കരിസ്മയുടെ പഠനത്തിനുള്ള പണം കണ്ടെത്താനാകാതെ നിസ്സഹായ അവസ്ഥയിലാണ്. 

സഹായം തേടി കണ്ടമാല്‍ കലക്ടറെ സമീപിച്ചെങ്കിലും അവിടുന്നും കരിസ്മയെ കയ്യൊഴിഞ്ഞു. ബനബാസി സേബാ സമിതി എന്ന പ്രാദേശിക സംഘടന സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം സാമ്പത്തികസഹായം നല്‍കാനുള്ള ശ്രമത്തിലാണ്  ബനബാസി സേബാ സമിതി അംഗം രബീന്ദ്ര പാന്‍ഡ പറഞ്ഞു.