തന്‍റെ ഓഫീസ് പൂട്ടിച്ചതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര നടപടിയെന്ന് പ്രഭാത് പട്നായിക്ക്

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനുള്ള പ്രതികാര നടപടിയായാണ് ജെഎന്‍യുവിലെ തന്‍റെ ഓഫീസ് പൂട്ടിച്ചതെന്ന് പ്രഭാത് പട്നായിക്ക്. സര്‍വ്വകലാശാലകളെ കാവിവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമാണ് നടപടി എന്നും പ്രഭാത് പട്നായിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍വ്വകലാശാല നടപടിക്ക് എതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികളും രംഗത്തെത്തി

സാമ്പത്തിക ശാസ്ത്രജ്ഞരും ഇടത് ചിന്തകരും ജെഎന്‍യുവിലെ എമിരറ്റസ് പ്രൊഫസറുമാരുമായ പ്രഭാത് പട്നായിക്കിന്‍റേയും ഭാര്യ ഉത്സപട്നായിക്കിന്‍റേയും ജെഎന്‍യുവിലെ ഓഫീസ് മുറികള്‍ രണ്ട് ദിവസം മുമ്പാണ് അധികൃതര്‍ പൂട്ടിയത്. നാല്പത് വര്‍ഷത്തോളം ജെഎന്‍യവിലെ അധ്യാപകരായി പ്രവര്‍ത്തിച്ച ഇരുവരും കഴിഞ്ഞ പതിനെട്ട് വര്‍ഷമായി എമിരറ്റസ് പ്രൊഫസര്‍മായി സേവനമനുഷ്ടിക്കുകയാണ്. 

എമിരറ്റസ് പ്രൊഫസര്‍മാരുടെ സേവനങ്ങള്‍ വെട്ടിച്ചുരുക്കുന്നവെന്ന് വിശദീകരിച്ചാണ് നടപടി. എന്നാല്‍ എമിരറ്റസ് പ്രൊഫസര്‍മാരില്‍ പ്രഭാത് പട്നായിക്കിന്‍റേയും ഉത്സാ പട്നായിക്കിന്‍റെയും മുറി മാത്രമാണ് പൂട്ടിയത്. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സെമിനാറകളില്‍ സ്ഥിരം പ്രാസംഗികനായിരുന്നു പ്രഭാത് പട്നായിക്.

ഇത്തരം സെമിനാറുകളില്‍ പങ്കെടുക്കരുതെന്ന് ചൂണ്ടികാട്ടി വൈസ് ചാന്‍സലര്‍ കത്ത് അയച്ചെങ്കിലും പ്രഭാത് പട്നായിക് സെമിനാറുകളില്‍ പങ്കെടുക്കുന്നത് തുടര്‍ന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ചൂണ്ടികാട്ടി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് അയച്ചെങ്കിലും മറുപടിയില്ല.