നാട്ടുകാരുടെ കല്ലേറ് തടയാന്‍ കശ്‍മീരി യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട മേജര്‍ ലീതുല്‍ ഗോഗോയിക്ക് കരസേനയുടെ ആദരം. കരസേന മേധാവി ബിപിന്‍ റാവത്താണ് ഗോയോയെ പുരസ്കാരം നല്‍കി ആദരിച്ചത്.

ജമ്മു കശ്‍മീരിലെ ബുദ്ഗാം ജില്ലയില്‍  കഴിഞ്ഞ മാസം ഒമ്പതിലെ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമാണ് പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ സൈന്യം 26 വയസ്സുള്ള ഫാറൂഖ് അഹമ്മദിനെ മനുഷ്യകവചമായി ജീപ്പില്‍ കെട്ടിയിട്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെ വിവാദമാകുകയും സൈന്യത്തിന്‍റെ ആഭ്യന്തരര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അസംകാരനായ മേജര്‍ ലീതുല്‍ ഗോഗോയിയെ കരസേന മേധാവി ബിപിന്‍ റാവത്ത് ആദരിച്ചത്. ഭീകരവിരുദ്ധ സേവനത്തിനും സതുത്യര്‍ഹ സേവനത്തിനുമാണ് അംഗീകാരമെന്നാണ് കരസേനയുടെ വിശദീകരരണം. തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അഭിനന്ദിച്ചു. നേരത്തെ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയും മേജര്‍ ലീതുലിനെ പിന്തുണച്ചിരുന്നു. ലീതുലിന്‍റേത് ധീരമായ പ്രവര്‍ത്തിയെന്നായിരുന്നു ജെയ്റ്റ്‍ലിയുടെ പ്രതികരണം. കല്ലേറുകാരില്‍പ്പെട്ടയാളല്ല താനെന്നും വോട്ട് ചെയ്ത ശേഷം സഹോദരിയുടെ വീട്ടിലേക്ക് പോകും വഴിയാണ് സൈന്യം പിടികൂടി ജീപ്പിനു മുന്നില്‍ കെട്ടിയിട്ടതെന്നുമായിരുന്നു ഫറൂഖ് അഹമ്മദിന്‍റെ പ്രതികരണം.