ചെന്നൈ: തമിഴ്‌നാട് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിനെ അയോഗ്യനാക്കിയ റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തല്‍സ്ഥാനത്തുനിന്ന് നീക്കി. വിശാലിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റിട്ടേണിംഗ് ഓഫീസര്‍ കെ വേലുസാമിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയത്. പകരം പ്രവീണ്‍ പി നായരെ റിട്ടേണിംഗ് ഓഫീസറായി നിയമിച്ചു. തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസറാണ് വേലുസാമിയെ സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.
വിശാല്‍ സമര്‍പ്പിച്ച പത്രികയിലെ 10 ആര്‍കെ നഗര്‍ നിവാസികളുടെ ഒപ്പില്‍ രണ്ടെണ്ണം വ്യാജമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് നാമനിര്‍ദ്ദേശപത്രിക തളളിയത്. ഇതിനെതിരെ ഡിഎംകെ രംഗത്തെത്തുകയും റിട്ടേണിംഗ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പത്രികയില്‍ ഒപ്പു വച്ചവര്‍ക്ക് ഐഎഡിഎംകെയുടെ സമ്മര്‍ദ്ദമുണ്ടെന്ന് വിശാല്‍ ആരോപിച്ചിരുന്നു.
പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് തണ്ടയാര്‍പേട്ടൈ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിശാലിനെയും അനുനായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാല്‍ പ്രതികരിച്ചത്. പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവുണ്ടെന്ന് വിശാല്‍ ആരോപിച്ചു. ഇതോടെ ആര്‍കെ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജയലളിതയുടെ സഹോദരി പുത്രിയായ ദീപ ജയകുമാര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയും സൂക്ഷ്മ പരിശോധനയില്‍ തള്ളിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികയില്‍ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പത്രിക തള്ളിയതെന്നാണ് വിവരം.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്‌സ് കൌണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.
ഈ മാസം 21 നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. ഡിസംബര്‍ 24 നാണ് വോട്ടെണ്ണല്‍. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി. വിശാലിന്റെയും ദീപയുടെയും പത്രികകള്‍ തള്ളിയതോടെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ.മധുസൂധനനനും ഡിഎംകെ സ്ഥാനാര്‍ഥി മരുധു ഗണേഷും തമ്മിലാകും ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെയ്ക്ക് ഭീഷണിയായി ടി.ടി.വി.ദിനകരന്‍ സ്വതന്ത്രനായി രംഗത്തുണ്ട്. ജയലളിതയുടെ മരണത്തിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഡിഎംകെ, അണ്ണാ ഡിഎംകെ കക്ഷികള്‍ക്ക് നിര്‍ണായകമാണ്.
