കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് പിരിവിനെതിരെ പരസ്യപരാമര്‍ശം നടത്തിയ പൊലീസുകാരനെതിരെ അന്വേഷണം. കുമരകം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈ.എസ്.പി സഖറിയ മാത്യു ആരോപണ വിധേയനായ പൊലീസുകാരനെയും സാക്ഷികളായ പൊലീസുകാരെയും വിളിച്ചു വരുത്തി മൊഴിയെടുത്തു.
ഓഖി ദുരിത ബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം സംഭാവന നല്‍കാന്‍ തയ്യാറുള്ള തുക എത്രയെന്ന് എഴുതി നല്‍കണം. ഇല്ലെങ്കില്‍ രണ്ട് ദിവസത്തെ ശമ്പളം സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വകയിരുത്തും. ഇതിനെതിരെയാണ് പൊലീസുകാരന്‍ പരസ്യമായി പ്രതിഷേധിച്ചത്. 'ഭരണമുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇവര്‍ പിരിവ് നടത്തുകയാണ്. ഭരിക്കാനറിയില്ലെങ്കില്‍ രാജി വച്ച് പുറത്തുപോകൂ'. ഇതായിരുന്നു പൊലീസുകാരന്റെ പരാമര്‍ശം.
ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വിശദമായ അന്വേഷണത്തിന് ഡിവൈ.എസ്.പി സഖറിയ മാത്യുവിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ശേഷം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.
