തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘം വിഴിഞ്ഞം അടിമലത്തുറ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വിഴിഞ്ഞം, അടിമലത്തുറ ഭാഗങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത്.
ഓഖി ദുരന്തത്തില്‍ കേരളത്തിന് സഹായമായി 133 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സംഘം അറിയിച്ചു. മത്സ്യത്തൊഴിലാളികളെ കണ്ട് ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയെന്നും ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്രത്തെ അറിയിക്കുകയും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘത്തലവന്‍ വിപിന്‍ മാലിക് അറിയിച്ചു. കലക്ടര്‍ കെ. വാസുകി, എം. വിന്‍സെന്റ് എം.എല്‍.എ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി സഞ്ജയ് പാണ്ഡ്യന്‍, ആഭ്യന്തര ടെക്കിനിക്കല്‍ സെക്രട്ടറി ഓം പ്രകാശും സംഘത്തിലുണ്ടായിരുന്നു.
സംഘം ഇടവക പ്രതിനിധികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തീരദേശപ്രദേശവും മത്സ്യത്തൊഴിലാളികളുടെ വീടുകളും സന്ദര്‍ശിച്ചു. മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് വിപിന്‍ മാലിക് അറിയിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ വിഴിഞ്ഞത്തെത്തിയ സംഘം അടിമലത്തുറയും സന്ദര്‍ശിച്ച ശേഷം 2.30 ഓടെയാണ് മടങ്ങിയത്.
