തിരുവനന്തപുരം:   നവംബര്‍ 30 ന് കേരളതീരത്ത് ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തസ്മരണകളില്‍ നിന്ന് തീരദേശം ഇനിയും മുക്തമായിട്ടില്ല. മരണക്കണക്കുകളില്‍ ഇപ്പോഴും അവ്യക്തത നില്‍ക്കുന്നു. 113 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്. എന്നാല്‍ ലത്തീന്‍ സഭ ഈ കണക്ക് തള്ളുന്നു. ഇതിനിടെ ഓഖി ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഒരാഴ്ച കഴിഞ്ഞ് സംസ്‌കരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 

ദിരന്തത്തെ തുടര്‍ന്ന് കടലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ ഇനി 14 പേരെ തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനുള്ളവയില്‍ ഇതരസംസ്ഥാനക്കാരുമുണ്ട്. അതിനാല്‍ തമിഴ്‌നാട്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നടക്കം കാണാതായവരുടെ ഡിഎന്‍എ സാമ്പികളുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഓഖി ദുരന്തത്തില്‍ മരിച്ച 41 പേരെ തിരിച്ചറിഞ്ഞു. 113 പേരെ കണ്ടെത്താനുണ്ട്. 1168 പേരെ രക്ഷപ്പെടുത്തി. ഇതാണ് ഓഖി ദുരന്തത്തിന്റെ ബാലന്‍സ് ഷീറ്റെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു. 

എന്നാല്‍ സര്‍ക്കാരിന്റെ പുതിയ കണക്കിനോട് ലത്തീന്‍സഭ യോജിക്കുന്നില്ല. തിരുവനന്തപുരത്തു നിന്നു മാത്രം 115 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്ക്. ഓഖി ദുരന്തത്തില്‍ കടലില്‍ മരിച്ചത് 42 മലയാളികളാണെന്നും സര്‍ക്കാരിന്റെ പുതിയ കണക്കിലുണ്ട്. 69 മൃതദേഹം കണ്ടെത്തിയതില്‍ തമിഴ്‌നാട് സ്വദേശികള്‍ 13 പേരുണ്ടായിരുന്നു.