കൊലപാതകം നടത്തിയത് ബൈക്ക്‌ വാങ്ങാൻ
കോഴിക്കോട് : തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്. മാറാട് സ്വദേശിയായ 16 കാരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അരക്കിണര് സിമന്റ് ഗോഡൗണിന് പിന്വശത്തെ വീട്ടില് താമസിക്കുന്ന പനങ്ങാട്ടുപറമ്പ് റുക്സാന മന്സിലില് ആമിനയെ (65)കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ആമിനയുടെ വീടിനു സമീപത്ത് വാടകകയ്ക്കു താമസിക്കുന്ന ദമ്പതികളുടെ മകളുടെ മകനാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന് ആറു ദിവസത്തിനുള്ളില് പോലീസിന് പ്രതിയെ പിടികൂടാന് കഴിഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആമിനയെ ഉച്ചയോടെ വീട്ടിനകത്ത് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. മരിച്ച ദിവസം പുലര്ച്ചെ നോമ്പ് തുറന്നതിന് ശേഷം മകന് ആമിനയെ ഫോണില് വിളിച്ചു ബന്ധപ്പെട്ടിരുന്നു. പിന്നീട് വിളിച്ചപ്പോള് ഫോണ് എടുത്തിരുന്നില്ല.
തുടർന്ന് മകന് വിളിച്ച് പറഞ്ഞതനുസരിച്ച് അടുത്തുള്ള ഒരു ബന്ധു വീട്ടിലെത്തി ആമിനയെ അന്വേഷിച്ചു. വിളിച്ചിട്ടും ആമിന പുറത്തിറങ്ങാതിരുന്നതോടെ വീട്ടിനുള്ളില് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസില് വിവരമറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില് അസ്വാഭാവിക മരണമെന്നായിരുന്നു സംശയം. ആമിനയുടെ ബന്ധുക്കളില് ചിലര് ഇത്തരത്തില് പോലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാല് ഇന്ക്വസ്റ്റ് നടപടിക്കായി മൃതദേഹം പരിശോധിക്കുന്നതിനിടെയാണ് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്.
ഇതോടെ കോഴിക്കോട് നോര്ത്ത് അസി. കമ്മീഷണര് അബ്ദുള്റസാഖിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ടൗണ് എസ്ഐ രമേഷ്കുമാര്, കസബ എസ്ഐ വി. സിജിത്ത്, ബേപ്പൂര് എസ്ഐ കെ.എച്ച്. റീനിഷ് , എന്നിവരടുടെ മേല്നോട്ടത്തില് നോര്ത്ത്, സൗത്ത് ക്രൈംസ്ക്വാഡുകളുടെ സഹായത്തോടെയായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില് കൊലപാതകം പണത്തിനുവേണ്ടിയല്ലെന്നായിരുന്നു പോലീസ് കരുതിയത്. എന്നാല് പിന്നീട് ചെറിയ തുകയ്ക്കു വേണ്ടി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി.
ആമിനയുമായി അടുത്ത ബന്ധമുള്ള കുട്ടികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ആമിനയുടെ വീടിനകത്തു നിന്നും ലഭിച്ച ഷര്ട്ടിന്റെ ബട്ടനാണ് പ്രതിയിലേക്ക് എളുപ്പത്തില് എത്തിച്ചേരാന് പോലീസിനു സാധിച്ചത്. ചെറിയ കുട്ടികള് ധരിക്കുന്ന ഷര്ട്ടിന്റെ ബട്ടനാണെന്നു പോലീസിനു ബോധ്യമായതോടെ സമീപത്ത് വാടകകയ്ക്കു താമസിക്കുന്ന വീട്ടിലെ യുവതിയുടെ മകനാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലെത്തി.
പ്രതിയെ ചോദ്യം ചെയ്തതോടെ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. ബൈക്ക് വാങ്ങുന്നിതിനു വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും ആമിനയുടെ വീട്ടില് നിന്നും നഷ്ടപ്പെട്ട പണവും പണത്തിലുണ്ടായിരുന്ന രക്തക്കറയും ആമിനയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമെല്ലാം പോലീസ് കണ്ടെത്തി.
